afghan-pak

പാക്റ്റിക പ്രവിശ്യയിൽ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. അടുത്ത മാസം പാക്കിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്. ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാന്‍ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ പാക്റ്റിക പ്രവിശ്യയിലെ ഉർഗുനിൽ നിന്ന് ഷരണയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം നേരിട്ടതെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) അറിയിച്ചു.

കബീര്‍, സിബ്ഗത്തുള്ള, ഹാറൂണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതേ ആക്രമണത്തില്‍ മറ്റ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ നടത്തിയ ഭീരുത്വ ആക്രമണമെന്ന് എസിബി പ്രതികരിച്ചു. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ എസിബി തയ്യാറായിട്ടില്ല. സംഭവത്തില്‍ അഗാധദുഖം രേഖപ്പെടുത്തുന്നതായി എസിബി എക്സ് പോസ്റ്റില്‍ കുറിച്ചു. താരങ്ങളോടുള്ള ആദരസൂചകമായി അഫ്ഗാനിസ്ഥാന്‍ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്നും പിന്‍മാറി. 

ഇന്നലെ വൈകുന്നേരമാണ് അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്.  പാക്റ്റിക പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ ഇന്നലെ വൈകിട്ട് നിരവധി ആക്രമണങ്ങള്‍ നടത്തിയതായി അഫ്ഗാനിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി കാബൂള്‍ കുറ്റപ്പെടുത്തി. ഉർഗുൻ, ബർമാൽ ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണമാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത്. 

ദിവസങ്ങൾ നീണ്ട അതിർത്തി സംഘർഷങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇതിനിടെയാണ് കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തടയാനും ലക്ഷ്യമിട്ട് ദോഹയില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. വെടിനിര്‍ത്തല്‍ സമയം നീട്ടണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെടുകയും കാബൂള്‍ അത് അംഗീകരിക്കുകയും ചെയ്തതിനിടെയാണ് പാക്കിസ്ഥാന്റെ ചതി. 

ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ ഇന്ന് പുനരാരംഭിക്കാന്‍ ഇരിക്കേയാണ് അഫ്ഗാനെതിരായ പാക്കിസ്ഥാന്റെ ആക്രമണം. കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ കടുത്ത പ്രതിഷേധമാണ് താലിബാന്റെ ഭാഗത്തുനിന്നും ഉയരുന്നത്. സമാധാനത്തിന് തയ്യാറല്ലെങ്കില്‍ വെറുതെയിരിക്കില്ലെന്ന് താലിബാന്‍ വക്താക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പുതിയ പശ്ചാത്തലത്തില്‍ സംഘര്‍ഷം രൂക്ഷമാകാനാണ് സാധ്യത. 

ENGLISH SUMMARY:

Afghanistan cricket players were killed in a Pakistan airstrike. The airstrike has heightened tensions between Afghanistan and Pakistan, potentially escalating the border conflict.