Image Credit: AFP
രണ്ട് വര്‍ഷമായി നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ച യുഎസ് പ്രസിഡന്‍റിന് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിക്കാന്‍ ഇസ്രയേല്‍. ഇസ്രയേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബന്ദികളാക്കപ്പെട്ടുകൊണ്ട് പോയവരെ തിരികെ കൊണ്ടുവന്നതും യുദ്ധം അവസാനിപ്പിച്ചതും ട്രംപിന്‍റെ മിടുക്കാണെന്നും ഹെര്‍സോഗ് വ്യക്തമാക്കി.
Israeli President Isaac Herzog speaks as he visits a site next to "Hostages Square" amid a ceasefire between Israel and Hamas in Gaza and ahead of the expected return of hostages held in Gaza, in Tel Aviv, Israel, October 12, 2025. REUTERS/Stoyan Nenov
'അക്ഷീണ പ്രയത്നമാണ് ട്രംപ് ഇസ്രയേലി ബന്ദികള്‍ക്കായി നടത്തിയത്. നമ്മുടെ ഉറ്റവരെ മടക്കിക്കൊണ്ടുവന്നു എന്നതിനപ്പുറത്തേക്ക് സുരക്ഷയിലും സഹകരണത്തിലും സുസ്ഥിര സമാധാനത്തിലും ഊന്നിയുള്ള പുത്തന്‍ യുഗത്തിന് മധ്യപൂര്‍വേഷ്യയില്‍ അടിസ്ഥാനമിടാനും അദ്ദേഹത്തിനായി'–ഹെര്‍സോഗ് പ്രസ്താവനയില്‍ വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ ട്രംപിന് ഇസ്രയേല്‍ പ്രസിഡന്‍റിന്‍റെ ആദരവ് നല്‍കുന്നത് ഏറ്റവും മഹത്തരമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിനായോ, മാനവരാശിക്കായോ നിസ്തുല്യ സേവനം നല്‍കുന്നവര്‍ക്കാണ് സാധാരണയായി ഇസ്രയേല്‍ പ്രസിഡന്‍റിന്‍റെ പുരസ്കാരം നല്‍കുന്നത്. 'ഇസ്രയേലി മെഡല്‍ ഓഫ് ഓണര്‍' ലഭിക്കുന്ന രണ്ടാമത്തെ യുഎസ് പ്രസിഡന്‍റായി ട്രംപ് ഇതോടെ മാറും. ഇസ്രയേലിനെ ശക്തിപ്പെടുത്തുന്നതിനും സുരക്ഷയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയതിനുമാണ് 2013ല്‍ ഒബാമയ്ക്ക് ബഹുമതി നല്‍കിയത്.
ട്രംപിനുള്ള ബഹുമതി വരുംമാസങ്ങളില്‍ സമ്മാനിക്കുമെന്നാണ് പ്രസിഡന്‍റിന്‍റെ ഓഫിസ് വ്യക്തമാക്കുന്നത്. എന്നാല്‍ യുഎസ് പ്രസിഡന്‍റിനെ ഔദ്യോഗികമായി ഇന്നുതന്നെ വിവരം അറിയിക്കും. ഇസ്രയേലില്‍ എത്തുന്ന ട്രംപ് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. നാലുമണിക്കൂര്‍ നേരമാകും യുഎസ് പ്രസിഡന്‍റ് ഇസ്രയേലില്‍ ചെലവഴിക്കുക.
കഴിഞ്ഞയാഴ്ചയിലാണ് ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള ട്രംപിന്‍റെ 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ പദ്ധതി ഹമാസും ഇസ്രയേലും അംഗീകരിച്ചത്. ഗാസയില്‍ മാത്രം 67,000 പേരാണ് ഇസ്രയേലിന്‍റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രയേല്‍ സൈന്യത്തിന്‍റെ പിന്‍മാറ്റവും ബന്ദികളുടെ മോചനവും ഗാസയ്ക്ക് സ്വയം ഭരണാവകാശവുമാണ് ട്രംപിന്‍റെ സമാധാന പദ്ധതിയിലുള്ളത്.