Image : Reuters
താലിബാൻ ഭരണകൂടം ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ ഇന്‍റര്‍നെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു. ഇതോടെ ആഹ്ളാദം പങ്കുവെച്ച് തെരുവിലിറങ്ങി അഫ്ഗാന്‍ ജനത. ആശയവിനിമയം പുനരാരംഭിക്കുകയാണെന്ന് പ്രാദേശിക റിപ്പോർട്ടർമാർ പറഞ്ഞു. ഇന്‍ര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി ഖത്തറിലെ മുതിർന്ന താലിബാൻ വക്താവ് സുഹൈൽ ഷഹീനും വ്യക്തമാക്കി.
ബുധനാഴ്ച വൈകുന്നേരം നൂറുകണക്കിന് അഫ്ഗാനികളാണ് തലസ്ഥാന നഗരമായ കാബൂളിൽ ഇന്‍റര്‍നെറ്റ് തിരികെ വന്നുവെന്ന വാർത്ത പ്രചരിപ്പിക്കാനും സന്തോഷം പങ്കിടാനും തെരുവിലിറങ്ങിയത്. സെൽ ഫോണുകൾ കൈവശം വച്ചുകൊണ്ട് ബന്ധുക്കളോട് സംസാരിച്ചുകൊണ്ടാണ് അഫ്ഗാന്‍ ജനത ആഹ്ലാദം പ്രകടിപ്പിച്ചത്. അതേസമയം ഇന്‍ര്‍നെറ്റ് അടച്ചുപൂട്ടലിന് താലിബാൻ സർക്കാർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ മാസം വടക്കൻ ബൽഖ് പ്രവിശ്യയിലെ താലിബാൻ ഗവർണറുടെ വക്താവ് തിന്മകൾ തടയുന്നതിനായി ഇന്റർനെറ്റ് ലഭ്യത തടയുകയാണെന്ന് പറഞ്ഞിരുന്നു.
48 മണിക്കൂർ നീണ്ട നിരോധനം വ്യാപാരങ്ങളെയും വിമാന സർവീസുകളെയും അഫ്ഗാനില്‍ തടസ്സപ്പെടുത്തി. അടിയന്തര സേവനങ്ങളുടെ ലഭ്യതയും പരിമിതപ്പെടുത്തി. ബാങ്കുകളും ഷോപ്പിംഗ് സെന്‍ററുകളും ശൂന്യമായിരുന്നു. മണി എക്‌സ്‌ചേഞ്ച് മാർക്കറ്റിൽ, എല്ലാ അന്താരാഷ്ട്ര കൈമാറ്റങ്ങളും നിർത്തി. 2021ല്‍ തീവ്ര ഇസ്റാമിസ്റ്റ് ഗ്രൂപ്പ് താലിബാനില്‍ അധികാരത്തില്‍ തിരിച്ചെത്തിയശേഷം അവകാശങ്ങൾ ഇല്ലാതാക്കപ്പെട്ട സ്ത്രീകളെയും പെൺകുട്ടികളെയും ഇന്‍റര്‍നെറ്റ് നിരോധനം കൂടുതൽ ഒറ്റപ്പെടുത്തുമെന്ന ഭയവും വർദ്ധിപ്പിച്ചിരുന്നു.
12 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചത് അടക്കമുള്ള നിരവധി നിയന്ത്രണങ്ങൾ ഇസ്ലാമിക ശരീഅത്ത് നിയമത്തെ വ്യാഖ്യാനിച്ച് താലിബാൻ കൊണ്ടുവന്നിരുന്നു. സ്ത്രീകളുടെ തൊഴിലവസരങ്ങൾ കർശനമായി പരിമിതപ്പെടുത്തുകയും സർവകലാശാലകളിൽ നിന്ന് സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് പുറം ലോകവുമായുള്ള ഏക ആശ്രയമായിരുന്നു ഇന്റർനെറ്റ് കൂടി വിലക്കപ്പെട്ടതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. ഇന്‍റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിച്ചെങ്കിലും അഫ്ഗാനിസ്ഥാനിൽ അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ഭയപ്പാടിലാണ് സാധാരണക്കാര്‍.