പ്രവാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കുവൈത്തിലേക്കും കണ്ണൂരില്‍ നിന്ന് ബഹ്റൈന്‍, ദമാം എന്നിവിടങ്ങളിലേക്കും നേരിട്ട് വിമാനമില്ല. ടിക്കറ്റ് നിരക്കും വർധിക്കും. കേരളത്തെ രണ്ടാം തരമായി കാണരുതെന്നും അവഗണന തുടര്‍ന്നാല്‍ മറ്റ് എയര്‍ലൈനുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടി വരുമെന്നും ശശി തരൂര്‍ എംപി മുന്നറിയിപ്പ് നല്‍കി.
പ്രവാസി മലയാളികളുടെ തട്ടകമായ ഗള്‍ഫ് നാടുകളിലേക്ക് കേരളത്തില്‍ നിന്നുള്ള 50 ഓളം സര്‍വീസുകള്‍ കുറയ്ക്കാനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നത്. ശൈത്യകാല സര്‍വീസ് പരിഷ്കരണം ഒക്ടോബർ 26 ന് നിലവില്‍ വരും. ദുബൈ, മസ്കറ്റ്, ഷാര്‍ജ, ബഹ്റൈന്‍, റാസൽ ഖൈമ, അബുദാബി തുടങ്ങിയ ഇടങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പകുതിയായി കുറയും.
സാധാരണക്കാരായ പ്രവാസികളുടെ മുഖ്യ ആശ്രയമാണ് താരതമ്യേന കുറഞ്ഞ നിരക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ്. ഗള്‍ഫ് വഴി യൂറോപ്പ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെയും തീരുമാനം സാരമായി ബാധിക്കും. സര്‍വീസ് വെട്ടിക്കുറയ്ക്കുന്നതിന്‍റെ കാരണം വ്യക്തമാക്കാന്‍ എയർ ഇന്ത്യ എക്സ്പ്രസ് തയ്യാറായിട്ടില്ല. ബെംഗളൂരു അടക്കമുള്ള മറ്റ് നഗരങ്ങളിൽ നിന്നുമുള്ള സർവീസുകൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് വിവരം. ബെംഗളൂരുവിൽ നിന്ന് കുവൈറ്റ്, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തീരുമാനത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി രംഗത്തെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തെ രണ്ടാം തരമായി കാണുന്നത് അവസാനിപ്പിക്കണം. തയ്യാറല്ലെങ്കില്‍ മറ്റു വിമാന കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കേണ്ടി വരുമെന്നും തരൂര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ കാംബെൽ വിൽസണിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി .