Smoke rises during an Israeli military operation in Gaza City, as seen from the central Gaza Strip, September 28, 2025. REUTERS/Dawoud Abu Alkas TPX IMAGES OF THE DAY
ഗാസയില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് ബന്ദികളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഹമാസ്. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെയാണ് ബന്ദികളുമായുള്ള ആശയവിനിമയ സംവിധാനവും വിച്ഛേദിക്കപ്പെട്ടത്. ഇതോടെ അടിയന്തരമായി വ്യോമാക്രമണം 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വയ്ക്കണമെന്ന് ഹമാസ് അഭ്യര്‍ഥിച്ചു. അല്ലെങ്കില്‍ ബന്ദികളുടെ ജീവന്‍ നഷ്ടമാകുന്ന സ്ഥിതിയാണെന്നും ഹമാസ് പറയുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴച നാളെ നടക്കാനിരിക്കെ രണ്ട് ബന്ദികളുടെ ജീവന്‍ നഷ്ടമാകുന്ന സ്ഥിതിയുണ്ടായാല്‍ ഇസ്രയേലില്‍ അത് വലിയ പ്രതിഷേധത്തിന് വഴി വയ്ക്കുമെന്നും അതുകൊണ്ട് തന്നെ ഹമാസിന്‍റെ ആവശ്യത്തിന് ഇസ്രയേല്‍ സൈന്യം വഴങ്ങിയേക്കുമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേലി ടാങ്കുകള്‍ സബ്ര, ടെല്‍ അല്‍ ഹവ, തൊട്ടടുത്തുള്ള ഷെയ്ഖ് റദ്വാന് , അല്‍ നസര്‍ എന്നിവിടങ്ങള്‍ വരെ എത്തിയെന്നാണ് ഗാസയിലെ പ്രദേശവാസികളും ഡോക്ടര്‍മാരുടെ സംഘവും പറയുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട ്ചെയ്യുന്നത്. ആയിരക്കണക്കിന് പലസ്തീനികളാണ് ഇവിടെയുള്ള താല്‍കാലിക ടെന്‍റുകളില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളില്‍ 77 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്.
പലസ്തീനെ ഓസ്ട്രേലിയയും കാനഡയും ഫ്രാന്‍സുമുള്‍പ്പടെയുള്ള രാജ്യങ്ങള്‍ രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരുന്നു. ഹമാസിന്‍റെ അന്ത്യം കുറിക്കാന്‍ പോകുകയാണെന്നായിരുന്നു യുഎന്നില്‍ നെതന്യാഹുവിന്‍റെ അവകാശവാദം. ഗാസയില്‍ ആക്രമണം കടുത്തതിന് പിന്നാലെ പലസ്തീനികളോട് നഗരം വിട്ടോടിപ്പോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പലസ്തീന്‍ എന്നൊരു രാഷ്ട്രം ഉണ്ടാകില്ലെന്നും നെതന്യാഹു പ്രഖ്യാപിച്ചു. അതിനിടെ രണ്ട് വര്‍ഷമായി നീണ്ടു നില്‍ക്കുന്ന ഇസ്രയേല്‍–ഹമാസ് യുദ്ധം അടിയന്തരമായി പരിഹരിക്കാന്‍ ഊര്‍ജിതമായ നയതന്ത്രതല ചര്‍ച്ചകളാണ് കുറച്ച് ദിവസങ്ങളായി നടക്കുന്നത്. ഗാസയില്‍ ഏകദേശ തീരുമാനത്തിലെത്തിയെന്ന് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചതോടെ വെടിനിര്‍ത്തലിന് വഴി തെളിഞ്ഞുവെന്ന് അഭ്യൂഹവും പരന്നിരുന്നു.
അതേസമയം, വെടിനിര്‍ത്തിലിനോ സമാധാനത്തിനോ ഉള്ള പുതിയ നിര്‍ദേശങ്ങളുമായി ആരും ഇതുവരെയും സമീപിച്ചിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഹമാസ് ആയുധം വച്ച് കീഴടങ്ങണമെന്നും അല്ലെങ്കില്‍ തോല്‍പ്പിക്കുമെന്നുമാണ് നെതന്യാഹുവും ഒടുവിലായി പറഞ്ഞത്. എന്നാല്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങില്ലെന്നും പലസ്തീനായി അവസാനത്തെ ശ്വാസം വരെയും പോരാടുമെന്നുമായിരുന്നു ഹമാസിന്‍റെ മറുപടി.