നതാന്‍സ് (Left), ഫൊര്‍ഡോ (right)-Image Credit: Maxar
ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങള്‍ മൂന്ന് മാസം പിന്നിടുമ്പോള്‍ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്‍റില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ച് ഇറാന്‍. ഫൊര്‍ഡോയിലും നതാന്‍സിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നതെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നതാന്‍സിലേക്ക് വലിയ തുരങ്കം നിര്‍മിക്കുന്നതിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കെട്ടിടത്തിന്‍റെ തെക്കുഭാഗത്തായി കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന നിരവധി വാഹനങ്ങള്‍ കിടക്കുന്നത് കാണാം. നതാന്‍സില്‍ തന്നെ നിലവിലുള്ള കെട്ടിടത്തിന്‍റെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള നിര്‍മാണം നടക്കുന്നതായും ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇറാന്‍റെ തന്ത്രപ്രധാന ആണവ സമ്പുഷ്ടീകരണ പ്ലാന്‍റാണ് നതാന്‍സിലുള്ളത്. ഭൂമിക്കടിയിലേക്ക് വളരെയധികം ആഴത്തില്‍ കുഴിച്ചാണ് പ്ലാന്‍റ് സ്ഥാപിച്ചിരിക്കുന്നത്. ജൂണിലെ 12 ദിന യുദ്ധത്തില്‍ ഇസ്രയേലിന് പുറമെ അമേരിക്കയും ഇവിടെ ആക്രമണം നടത്തി. ആക്രമണത്തില്‍ സാരമായ നാശനഷ്ടം കേന്ദ്രത്തിന് സംഭവിക്കുകയും ചെയ്തു.
യുഎസ് സൈന്യം ബങ്കര്‍ ബസ്റ്റര്‍ ബോംബ് വര്‍ഷിച്ച ഫൊര്‍ഡോയിലാവട്ടെ പുറമേയ്ക്കുണ്ടായ നാശമെല്ലാം ഇറാന്‍ മറച്ചു കഴിഞ്ഞു. ആറ് വലിയ ഗര്‍ത്തങ്ങളായിരുന്നു ഫൊര്‍ഡോയില്‍ മുന്‍പ് ദൃശ്യമായിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 23 ലെ ഉപഗ്രഹ ചിത്രങ്ങളില്‍ ഈ ഗര്‍ത്തങ്ങള്‍ കാണാനില്ല. അതേസമയം, തുരങ്കത്തിലേക്കുള്ള കവാടങ്ങള്‍ ഇപ്പോഴും അടച്ചു വച്ചിരിക്കുകയാണ്. പര്‍വതങ്ങള്‍ക്കിടയില്‍ അതീവ സുരക്ഷിതമായാണ് ഫൊര്‍ഡോ സ്ഥിതി ചെയ്യുന്നത്.
TOPSHOT - Israeli Prime Minister Benjamin Netanyahu holds a map as he speaks during the General Debate of the United Nations General Assembly at UN headquarters in New York City on September 26, 2025. (Photo by CHARLY TRIBALLEAU / AFP)
അതേസമയം, ഇറാന്‍ പഴയത് പോലെ ആണവ ആയുധം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണി ഐക്യരാഷ്ട്ര സംഘടനയിലെത്തിയും നെതന്യാഹു ആവര്‍ത്തിച്ചു. അതിവേഗത്തിലാണ് ഇറാന്‍ ആണവായുധ നിര്‍മാണത്തിലേക്ക് നീങ്ങിയതെന്നും വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിച്ചുവെന്നും ഇത് ലോകത്തിന് തന്നെ ഭീഷണിയായി മാറിയെന്നും നെതന്യാഹു പറഞ്ഞു. ഇതോടെയാണ് ഇറാന്‍റെ ആണവ ആയുധങ്ങളെയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെയും ഇസ്രയേല്‍ തകര്‍ത്തുകളഞ്ഞതെന്നും നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇറാന്‍റെ കൈവശം നിലവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിച്ച് കളയേണ്ടത് ലോകത്തിന്‍റെ ആവശ്യമാണെന്നും ഉപരോധം കടുപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
ഹമാസിന്‍റെയും ഹിസ്ബുല്ലയുടെയും ഹൂതികളുടെയുമെല്ലാം സംരക്ഷകര്‍ ഇറാനാണെന്നും ഭീകര കേന്ദ്രമാണെന്നും നെതന്യാഹു ആരോപിച്ചു. ഇറാനിലെ സര്‍ക്കാരിനെ പുറത്താക്കാന്‍ അവിടുത്തെ പൗരന്‍മാര്‍ തയാറാകണമെന്നും എങ്കില്‍ മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂവെന്നും നെതന്യാഹു യുഎന്നില്‍ പറഞ്ഞു. അതിനിടെ നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റതും ഐക്യരാഷ്ട്ര സംഘടനയിലെ യോഗത്തില്‍ നിന്ന് ഭൂരിഭാഗം പ്രതിനിധികളും പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. കാലിക്കസേരകളാണ് നെതന്യാഹുവിന് മുന്നില്‍ കൂടുതലും ഉണ്ടായിരുന്നത്.