A damaged building, following an Israeli attack on Hamas leaders, according to an Israeli official, in Doha, Qatar, September 9, 2025. REUTERS/Ibraheem Abu Mustafa
ദോഹയില്‍ ഹമാസ് നേതാക്കളെ വക വരുത്താന്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം യുഎസും ഖത്തറും അറിഞ്ഞെന്ന് റിപ്പോര്‍ട്ട്. വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും യുഎസോ ഖത്തറോ ദോഹയിലെ ഹമാസ് കേന്ദ്രത്തിന് സംരക്ഷണം ഒരുക്കാന്‍ തയാറായില്ലെന്നാണ് വാദം. ഹമാസിനെ പിന്നില്‍ നിന്ന് കുത്തുന്ന നയമാണ് ഖത്തര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.
Smoke rises after several blasts were heard in Doha, Qatar, September 9, 2025. REUTERS/Ibraheem Abu Mustafa
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം ആരംഭിക്കുകയും ഇറാനും സിറിയയും ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാലയളവിലൊന്നും ഇസ്രയേല്‍ ഖത്തറിനെതിരെ തിരിഞ്ഞിരുന്നില്ല. 2012 മുതല്‍ ഹമാസിന്‍റെ രാഷ്ട്രീയകാര്യ വിഭാഗം ഖത്തറിലാണ് പ്രവര്‍ത്തിച്ചു പോരുന്നത്. എന്നിട്ടും ഖത്തറിനെ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ ഒഴിഞ്ഞു നില്‍ക്കുന്നത് തുടര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ ഖത്തറിന് മേല്‍ക്കൈ ലഭിക്കുന്നില്ലെന്ന് വന്നതോടെ ഇസ്രയേലിനും യുഎസിനുമൊപ്പം ഹമാസിനെ ആക്രമിക്കാന്‍ കൂടിയെന്നും ഇതിന് സൗദി അറേബ്യയുടെയും സമ്മതം ലഭിച്ചുവെന്നുമാണ് ശക്തമാകുന്ന വാദങ്ങള്‍. മൂന്ന് പ്രധാന സിദ്ധാന്തങ്ങളാണ് ജിയോ പൊളിറ്റിക്കല്‍ വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നത്.
കാര്യങ്ങള്‍ ഇസ്രയേലിന്‍റെ വഴിക്ക്; ഖത്തറിന് മേല്‍ക്കൈ നഷ്ടപ്പെട്ടു
ഹമാസ് ഖത്തറിനും തലവേദനയാകുന്നുവെന്നതാണ് കൈവിടാനുള്ള കാരണങ്ങളില്‍ പ്രധാനം. 2023ല്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1200 ഇസ്രയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ യുദ്ധം ആരംഭിച്ചു. ഒരു വര്‍ഷത്തിന് ശേഷം 2025 ജനുവരിയില്‍ ഖത്തറിന്‍റെ മധ്യസ്ഥതയിലാണ് താല്‍കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നതും കുറച്ചെങ്കിലും ബന്ദികളുടെ മോചനം സാധ്യമായതും. എന്നാല്‍ പിന്നീടിങ്ങോട്ട് യുഎസ് നിര്‍ദേശിക്കുന്ന ഇസ്രയേലിന് മേല്‍ക്കൈ നല്‍കുന്ന വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചേരാന്‍ ഹമാസിന് മേല്‍ നിരന്തര സമ്മര്‍ദം ഉയര്‍ന്നിരുന്നു. ഇത് ഖത്തറിനെ കടുത്ത സമ്മര്‍ദത്തിലാക്കിയെന്നും ഹമാസ് ഒരു ബാധ്യതയായി മാറിയതോടെ ഇതില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന നിലപാടിലേക്ക് ഖത്തര്‍ എത്തിച്ചേര്‍ന്നുവെന്നുമാണ് അമേരിക്കന്‍ അനലിസ്റ്റായ മൊസാബ് ഹസന്‍ യൂസഫ് പറയുന്നത്.
വെടിനിര്‍ത്തല്‍ കരാറിനോട് അനുകൂലമായി പ്രതികരിക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രി ഹമാസിനോട് ആവശ്യപ്പെട്ടതും ഇതിന്‍റെ ഭാഗമാണെന്ന് യൂസഫ് കൂട്ടിച്ചേര്‍ക്കുന്നു. സമാധാന ചര്‍ച്ചകളുടെ ഭാഗമായ ഖലീല് അല്‍ ഖയ്യയെ വകവരുത്തിക്കളയാമെന്ന തീരുമാനത്തെ പോലും ഈ സാഹചര്യത്തിലാണ് മനസിലാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒന്ന്, ഖത്തറിന് തലവേദനയൊഴിക്കണം, ട്രംപിന് യുദ്ധം അവസാനിപ്പിക്കണം, ഇസ്രയേലിന് ഹമാസിനെയും തീര്‍ക്കണം. ഈ മൂന്ന് താല്‍പര്യങ്ങള്‍ ഒന്നിച്ചതോടെയാണ് ദോഹ ആക്രമണം ഉണ്ടായതെന്നും യൂസഫ് വിശദീകരിക്കുന്നു.
ആക്രമണം നടന്നത് തന്ത്രപ്രധാന മേഖലയില്‍
ദോഹയിലെ തന്ത്രപ്രധാന കേന്ദ്രത്തിലെ ജനവാസ മേഖലയില്‍ വിദേശ എംബസികള്‍ക്കും സ്കൂളുകള്‍ക്കുമടുത്തുള്ള അതീവ സുരക്ഷാമേഖലയില്‍ തന്നെയാണ് ആക്രമണം നടന്നത്. അല്ലാതെ വിദൂരപ്രദേശത്തല്ല. പശ്ചിമേഷ്യയിലെ യുഎസിന്‍റെ ഏറ്റവും വലിയ വ്യോമത്താവളമായ അല്‍ ഉദെയ്ദിന് വെറും 25 കിലോമീറ്റര്‍ ചുറ്റളവിലാണ് ആക്രമണം നടന്ന കെട്ടിടം. അതുകൊണ്ടു തന്നെ ആക്രമണം ഖത്തര്‍ അറിഞ്ഞില്ലെന്ന വാദം അവിശ്വസനീയമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദോഹയിലെ ആഡംബര മേഖലയിലായതിനാല്‍ തന്നെ ആക്രമണം കൃത്യവും ലക്ഷ്യകേന്ദ്രീകൃതവും മാത്രമായിരിക്കേണ്ടതുണ്ടായിരുന്നു. അപ്രതീക്ഷിതമായ ആക്രമണമാണ് നടന്നിരുന്നെതങ്കില്‍ അത് കനത്ത നാശനഷ്ടം വിതച്ചേനെ. ഇവിടെ അതുണ്ടായില്ല.
ആക്രമണത്തിന്‍റെ ഭാഗമായി 15 ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തി മുതിര്‍ന്ന ഹമാസ് നേതാക്കള്‍ താമസിക്കുന്ന കെട്ടിടത്തില്‍ മാത്രം 10 ബോംബുകളിട്ട് മടങ്ങി. അത്യാധുനിക ആയുധങ്ങളും വ്യോമപ്രതിരോധവുമെല്ലാം കൈവശമുള്ള ഖത്തര്‍, ഇസ്രയേലിന്‍റെ ആക്രമണത്തെ കുറിച്ച് അറിഞ്ഞില്ലെന്ന വാദം കളവാണെന്നും വിദഗ്ധര്‍ പറയുന്നു. റഡാറിലൊന്നും പതിയാത്ത തരം യുദ്ധ വിമാനങ്ങളാണ് ഇസ്രയേല്‍ ഉപയോഗിച്ചതെന്ന് മാത്രമാണ് ഖത്തര്‍ ഇതേക്കുറിച്ച് പറഞ്ഞത്. ആക്രമണ വിവരം അറിഞ്ഞപ്പോള്‍ വൈകിപ്പോയെന്ന അമേരിക്കയുടെയും ഖത്തറിന്‍റെയും വാദം വിശ്വസനീയമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാസങ്ങളുടെ തയാറെടുപ്പില്ലാതെ ഇത്തരമൊരു ആക്രമണം നടത്താനാവില്ലെന്നാണ് വിലയിരുത്തല്‍. ഇത് ശരിവയ്ക്കുന്നതാണ് ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ സിഎന്‍എന്നിന് നല്‍കിയ മറുപടി. മൂന്ന് മാസം നീണ്ട തയാറെടുപ്പിനൊടുവിലാണ് ദോഹ ആക്രമിച്ചെതന്നായിരുന്നു ഉന്നതരുടെ വെളിപ്പെടുത്തല്‍.
സൗദി അറിഞ്ഞു,ജോര്‍ദാനും; എല്ലാവരും കണ്ണടച്ചു?
ഇസ്രയേലി യുദ്ധവിമാനങ്ങള്‍ക്ക് ഖത്തറിലെത്തണമെങ്കില്‍ സൗദിക്കും ജോര്‍ദാനും മുകളിലൂടെ ഏകദേശം 2000 കിലോമീറ്ററെങ്കിലും പറക്കേണ്ടതുണ്ട്. ഈ രണ്ട് രാജ്യങ്ങളും ഇസ്രയേലിന്‍റെ യുദ്ധവിമാനങ്ങളുടെ സഞ്ചാരം അറിയാതിരിക്കുന്നത് എങ്ങനെയാണ്? ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമണം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നും ബോധപൂര്‍വം കണ്ണടച്ചതാണെന്നുമാണ് ഡിഫന്‍സ് അനലിസ്റ്റ് ഹംസ അട്ടാര്‍ പറയുന്നത്. ഹമാസിന്‍റെ രാഷ്ട്രീയ നേതൃത്വത്തോട് യോഗങ്ങളുടെയടക്കം സുരക്ഷ അതീവശക്തമാക്കാന്‍ തുര്‍ക്കിയും ഈജിപ്തും മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേല്‍, യുഎസ്, ഖത്തര്‍, മറ്റ് അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഉന്നതരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരക്കൈമാറ്റമുണ്ടായതെന്നും സൂചനകളുണ്ട്.
ഖത്തറിന്‍റെ തണുപ്പന്‍ പ്രതികരണം!
ഖത്തര്‍ എല്ലാമറിഞ്ഞിരുന്നുവെന്ന വാദത്തിന് ബലം നല്‍കുന്ന മറ്റൊരു കാര്യവും ഡിഫന്‍സ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ദോഹയില്‍ ആക്രമണം ഉണ്ടായിട്ടും ഖത്തര്‍ യാതൊരു പരിഭ്രാന്തിയും കാട്ടിയില്ല. അടിയന്തര യോഗം ആരും വിളിച്ചതുമില്ല. ഇസ്രയേലിന്‍റെ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഖത്തര്‍ അപലപിക്കുന്നു. ഇത് രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധവും ഖത്തര്‍ പൗരന്‍മാരുടെ സുരക്ഷിതത്വത്തിനും ജീവനും നേരെയുള്ള വെല്ലുവിളിയുമാണ് എന്നായിരുന്നു ഔദ്യോഗിക കുറിപ്പിലുണ്ടായിരുന്നത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലും സമാധനശ്രമങ്ങളെ ദോഹയിലെ ആക്രമണം ബാധിക്കില്ലെന്ന ഖത്തര്‍ പ്രധാനമന്ത്രിയുടെ വാക്കുകളും ശ്രദ്ധേയമാണെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഒരിടവും സുരക്ഷിതമല്ലെന്നും എത്രയും വേഗം യുഎസ് നിര്‍ദേശിക്കുന്ന സമാധാനക്കരാറിന് വഴങ്ങുകയെന്നതും മാത്രമാണ് വഴിയെന്നും ഹമാസിനെ ബോധ്യപ്പെടുത്തുകയായിരുന്നു ഖത്തറിന്‍റെ ലക്ഷ്യമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.