FILE PHOTO: U.S. President Donald Trump and Israeli Prime Minister Benjamin Netanyahu walk to enter the White House in Washington, D.C., U.S., April 7, 2025. REUTERS/Leah Millis/File Photo
ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസിന്‍റെ പങ്ക് എന്തായിരുന്നു? സൗഹൃദ രാഷ്ട്രമായ, മധ്യേഷ്യയിലെ യുഎസിന്‍റെ ഏറ്റവും വലിയ സൈനിക താവളമുള്ള ഖത്തറില്‍ ആക്രമണം നടത്താന്‍ ഇസ്രയേലിന് യുഎസ് മൗനാനുവാദം നല്‍കിയോ? നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ആക്രമണം നടത്താനുള്ള തീരുമാനം തന്‍റേതായിരുന്നില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റേതായിരുന്നു എന്നും ട്രംപ് കൈ കഴുകിയൊഴിഞ്ഞിട്ടുണ്ട്. എങ്കിലും വിവരമറിഞ്ഞയുടന്‍ താന്‍ പ്രതിനിധി വഴി വിവരം ഖത്തറിനെ അറിയിച്ചു. പക്ഷേ പ്രതിരോധിക്കാനാകും വിധം വൈകി, എന്നായിരുന്നു ട്രംപിന്‍റെ കരുതലോടെയുള്ള പ്രതികരണം.
യു.എസ് വിളിച്ചത് ആക്രമണം നടക്കുമ്പോള്‍; വൈറ്റ്ഹൗസ് വാദം തള്ളി ഖത്തര്‍
ട്രംപ് പറഞ്ഞത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദോഹ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങള്‍ പറന്നതിന് ശേഷമാണ് ഇസ്രയേല്‍ ആക്രമണ വിവരം യുഎസിനെ അറിയിക്കുന്നത്. കിഴക്ക് ലക്ഷ്യമാക്കി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നത് കണ്ട് യുഎസ് സൈന്യം ഇസ്രയേലില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇസ്രയേലി മാധ്യമായ ചാനല്‍12 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് മറുപടിയായാണ് ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പോവുകയാണെന്ന് ഇസ്രയേല്‍ യുഎസിന് വിവരം നല്‍കുന്നത്. ഈ വിവരം യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന് കൈമാറി. ഖത്തറിനെ വിവരമറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. മിസൈലുമായി യുദ്ധവിമാനങ്ങള്‍ ആകാശത്തുള്ളപ്പോഴാണ് യുഎസ് വിവരമറിയുന്നത്.
സംഭവത്തിന് തൊട്ടുതലേന്ന് ഇസ്രയേല്‍ സ്ട്രാറ്റജിക് അഫയേഴ്സ് വകുപ്പ് മന്ത്രി റോണ്‍ ഡെര്‍മര്‍ യുഎസ് മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും ട്രംപിന്‍റെ മരുമകന്‍ ജെറാദ് കുഷ്‌നറുമായി മിയാമിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈസമയത്തൊന്നും ഇക്കാര്യം യുഎസിനോട് വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം.
യുഎസില്‍ നിന്നും മറച്ചുവച്ച് ഖത്തറിനെ ആക്രമിച്ച നെതന്യാഹുവിന്‍റെ തീരുമാനം ഇരു രാജ്യങ്ങളുടെയും ബന്ധം ഉലയ്ക്കുമെന്നും കടുത്ത നടപടികളിലേക്ക് ട്രംപ് നീങ്ങിയേക്കാമെന്നും വിദഗ്ധര്‍ ആശങ്ക പുലര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ ഇനിയൊരു ആക്രമണം ഖത്തറിന്‍റെ മണ്ണില്‍ നടക്കില്ലെന്ന ട്രംപിന്‍റെ ഉറപ്പും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.