Hamas officials, Khalil Al-Hayya and Osama Hamdan, attend a press conference in Beirut, Lebanon, November 21, 2023. (ഫയല്‍ ചിത്രം)
വെടിനിർത്തൽ ചർച്ച ചെയ്യാൻ ദോഹയിൽ യോഗം ചേർന്ന ഹമാസ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. ലക്ഷ്യമിട്ടവരില്‍ പ്രധാനിയാണ് ഖലീല്‍ അല്‍– ഹയ്യ. മുതിര്‍ന്ന ഹമാസ് നേതാവായ ഖലീലിനെ ലക്ഷ്യമിട്ടായിരുന്നു ഖത്തറിനുള്ളിലേക്ക് കടന്നുചെന്നുള്ള ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ ചര്‍ച്ചയ്ക്കെത്തിയ പ്രതിനിധി സംഘം രക്ഷപ്പെട്ടു എന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇസ്മയില്‍ ഹനിയ, യഹ്യ സിന്‍വാര്‍ എന്നി നേതാക്കള്‍ കൊല്ലപ്പെട്ടതോടെയാണ് ഖലീല്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നത്. ഇസ്രയേല്‍–ഹമാസ് യുദ്ധത്തിന്‍റെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പ്രധാനമുഖമായിരുന്നു ഖലീല്‍. 2024 ല്‍ ഇറാനില്‍ ഹനിയയെ ഇസ്രയേല്‍ കൊലപ്പെടുത്തിയ ശേഷം വിദേശത്ത് ഹമാസിന്‍റെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിട്ടാണ് ഖലീലിനെ കണക്കാക്കിയിരുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ യഹിയ സിന്‍വാറിനെ ഇസ്രയേല്‍ കൊലപ്പെടുത്തിയതിന് ശേഷം സംഘടനയെ നയിക്കുന്ന അഞ്ചംഗ നേതൃത്വ സമിതിയില്‍ അംഗമായിരുന്നു ഖലീല്‍. 1960 തില്‍ ഗാസയില്‍ ജനിച്ച ഇയാള്‍ 1987 മുതലാണ് ഹമാസിന്‍റെ ഭാഗമാകുന്നത്. 1980 കളുടെ തുടക്കത്തില്‍ ഹനിയയ്ക്കും യഹ്യ സിന്‍വാറിനുമൊപ്പം മുസ്‍ലിം ബ്രദര്‍ഹുഡിലൂടെയായിരുന്നു ഖലീലിന്‍റെ തുടക്കവും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗസ വിട്ട ഖലീല്‍ അറബ്– ഇസ്ലാമിക രാജ്യങ്ങളുമായി ഹമാസിനെ ബന്ധിപ്പിക്കുന്ന ചുമതലയും വഹിച്ചിരുന്നു. ഇതിനായാണ് അദ്ദേഹം ഖത്തറിൽ താവളമുറപ്പിച്ചത്. ജൂലൈയിൽ ഹനിയയുടെ ടെഹ്‌റാൻ സന്ദർശനത്തിലും ഖലീല്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഈ സമയത്താണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഹനിയ കൊല്ലപ്പെടുന്നത്.
ഹമാസ് പ്രവര്‍ത്തനത്തിനിടെ പലതവണ ഖലീല്‍ ഇസ്രയേലിന്‍റെ തടവിലായിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മൂത്ത മകൻ ഉൾപ്പെടെ നിരവധി അടുത്ത ബന്ധുക്കളെ ഖലീലിന് നഷ്ടമായിട്ടുണ്ട്. 2007 ല്‍ ഗാസ സിറ്റിയിലെ സെജായ്യ ക്വാർട്ടറിലെ കുടുംബവീട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. നിരവധി ബന്ധുക്കള്‍ കൊല്ലപ്പെട്ടു. 2014-ൽ ഇസ്രായേല്‍– ഹമാസ് യുദ്ധത്തിനിടെ ഹയ്യയുടെ മൂത്ത മകൻ ഒസാമയുടെ വീടിന് നേരെ നടന്ന ബോംബാക്രമണത്തില്‍ മകനും ഭാര്യയെയും അവരുടെ മൂന്ന് മക്കളും കൊല്ലപ്പെട്ടു.