TOPICS COVERED

മദ്യ ഉപയോഗവും നിര്‍മാണവുമെല്ലാം നിയമവിരുദ്ധമായ കുവൈത്തിലുണ്ടായ വിഷമദ്യദുരന്തം പ്രവാസിമലയാളികളെയടക്കം ഞെട്ടിച്ചിരിക്കുകയാണ്. അധികവരുമാനം ലക്ഷ്യമിട്ട് താമസയിടങ്ങളിലടക്കം നിര്‍മിക്കുന്ന മദ്യം തുച്ഛമായ വിലയ്ക്കാണ് വില്‍ക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ താമസയിടങ്ങളിലടക്കം കുവൈത്ത് അധികൃതര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

മദ്യനിര്‍മാണം, വിതരണം, ഉപഭോഗം, ഇറക്കുമതി തുടങ്ങിയവ നിയമംമൂലം നിരോധിച്ചിരിക്കുന്ന രാജ്യമാണ് കുവൈത്ത്. ഗള്‍ഫില്‍ സൗദിയെപ്പോലെ മദ്യഉപയോഗം കര്‍ശനമായി നിരോധിച്ചിരിക്കുന്ന രാജ്യം. അവിടെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മദ്യനിര്‍മാണം നടത്തുന്നത്. പ്രവാസികള്‍ കൂട്ടമായി താമസിക്കുന്ന ചില താമസയിടങ്ങളിലാണ് ഇത്തരത്തില്‍ അനധികൃത മദ്യനിര്‍മാണം. മദ്യം നിര്‍മിക്കുകയും വിതരണം ചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്തതിന്  ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് രാജ്യക്കാരായ പ്രവാസികള്‍ നേരത്തേ പിടിയിലായിട്ടുണ്ട്. ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് അനധികൃത മദ്യനിര്‍മാണം നടക്കുന്നത്. വിവിധആവശ്യങ്ങള്‍ക്കായി ഫാക്ടറികളിലടക്കം ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ശേഖരിച്ച് നടത്തുന്ന മദ്യനിര്‍മാണമാണ് പലപ്പോഴും മദ്യദുരന്തത്തിന് കാരണമാകുന്നത്. കുറ്റക്കാരായവര്‍ക്കെതിരെ നാടുകടത്തല്‍, വര്‍ഷങ്ങളുടെ കനത്ത തടവ്, പിഴ ശിക്ഷകളാണ് ചുമത്താറുള്ളത്. അനധികൃതമായി മദ്യക്കുപ്പികള്‍ കൈവശം വച്ചതിന് മലയാളികളടക്കമുള്ളവരെ മുന്‍കാലങ്ങളില്‍ നാടുകടത്തിയിട്ടുമുണ്ട്. എംബസികള്‍ക്കുള്ളില്‍ ഒഴികെ മറ്റെവിടെയും മദ്യമോ മദ്യത്തിന്റെ പരസ്യമോ പ്രദര്‍ശിപ്പിക്കുന്നതുപോലും കുവൈത്തില്‍ കുറ്റകരമാണ്.

ENGLISH SUMMARY:

Kuwait liquor tragedy involves illegal alcohol production and consumption, impacting Malayali expats. Kuwait's strict alcohol laws lead to underground production, often resulting in tragedies and strict penalties for those involved.