സ്വര്‍ണവും പണവുമായി വരുന്നതും മടങ്ങുന്നതുമായ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി യു.എ.ഇ. 60,000 ദിര്‍ഹത്തില്‍ കൂടുതല്‍ മൂല്യമുള്ള സ്വര്‍ണാഭരണം, പണം, വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവ കൊണ്ടുവരുന്നവര്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ 'അഫ്സെ' (Afseh) വഴി വെളിപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.
നിയമം 18 വയസും മുകളിലും പ്രായമുള്ള യാത്രക്കാര്‍ക്ക് ഈ നിയമം ബാധകമാണ്. കൈവശമുള്ള പണം, ചെക്കുകൾ, വ്യക്തിഗത സാധനങ്ങൾ, ഉയർന്ന മൂല്യമുള്ള ആഭരണങ്ങൾ എന്നിവയുടെ മൊത്തം മൂല്യം 60,000 ദിർഹത്തിൽ കൂടുതലാണെങ്കിൽ നിർബന്ധമായും വെളിപ്പെടുത്തണം. പ്രായപരിധിയിൽ താഴെയുള്ള യാത്രക്കാർ ഉയര്‍ന്ന മൂല്യമുള്ളവ കൊണ്ടുവന്നാല്‍ രക്ഷിതാക്കള്‍ ഇക്കാര്യം വെളിപ്പെടുത്തണം.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി)യുടെ declare.customs.ae എന്ന വെബ്സൈറ്റിലൂടെയും, 'അഫ്സെ' മൊബൈൽ ആപ്ലിക്കേഷനിലൂടെയും നടപടി പൂര്‍ത്തിയാക്കാം. അബുദാബി, ഷാര്‍ജ, റാസ് അല്‍ ഖൈമ എന്നി രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിലവില്‍ 'അഫ്സെ' (Afseh) വഴി വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നത്.
'അഫ്സെ' യില്‍ അക്കൗണ്ട് എടുത്ത് നടപടി പൂര്‍ത്തിയാക്കാം. ഇതിനായി യു.എ.ഇ പാസ് ഉപയോഗിച്ച് അക്കൗണ്ട് ആരംഭിക്കാം. എമിറേറ്റ്സ് ഐഡി, വിസ വിശദാംശങ്ങള്‍, പേര്, പൗരത്വം എന്നിങ്ങനെയുള്ള വ്യക്തിഗത വിവരങ്ങള്‍ അക്കൗണ്ടില്‍ താനെ ഫില്‍ ചെയ്യും. അധിക മേല്‍വിലാസം നല്‍കി അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ടിലെ പേഴ്സണല്‍ ഡാഷ്ബോര്‍ഡില്‍ സ്വയം സാക്ഷ്യപ്പെടുത്താനായി ‘Apply for a new declaration request’ എന്ന ഭാഗം കാണും.
യാത്ര വിവരങ്ങള്‍, യാത്ര തീയതി, യാത്ര മാര്‍ഗം, യാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സ്ഥലങ്ങള്‍, ടിക്കറ്റ് നമ്പര്‍ എന്നിവ ഇവിടെ ആവശ്യമാണ്. കയ്യിലുള്ള സാധനങ്ങളുടെ തരവും മൂല്യവും അടുത്ത ഭാഗത്ത് ചേര്‍ക്കണം. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് റിവ്യുവിനായി നല്‍കാം. അപേക്ഷകള്‍ ഐപിസി അംഗീകരിച്ചാല്‍ എസ്.എം.എസ് വഴിയും ആപ്പ് നോട്ടിഫിക്കേഷന്‍ വഴിയും വിവരം ലഭിക്കും. മൂല്യം 60,000 ദിര്‍ഹത്തില്‍ കൂടലുള്ള വസ്തുക്കള്‍ സംബന്ധിച്ച വിവരം കൈമാറാതിരുന്നാല്‍ പിഴയോ സാധനങ്ങൾ കണ്ടുകെട്ടുകയോ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.