Image Credit: Majid Asgaripour/WANA (West Asia News Agency) via REUTERS
സാമ്പത്തിക ഇടപാടുകള്‍ ലഘൂകരിക്കാനും രാജ്യത്തെ കറന്‍സിയെ 'രക്ഷപെടുത്താനുമായി' കറന്‍സിയിലെ നാല് പൂജ്യങ്ങള്‍ വെട്ടി ഇറാന്‍. ദീര്‍ഘകാലമായി പരിഗണനയില്‍ ഉണ്ടായിരുന്ന തീരുമാനമാണ് ഇറാന്‍റെ സാമ്പത്തിക കമ്മിഷന്‍ പ്രഖ്യാപിച്ചരിക്കുന്നത്. 'റിയാല്‍' എന്ന പേരിലാകും ദേശീയ കറന്‍സി ഇനിമുതല്‍ അറിയപ്പെടുകയെന്നും കറന്‍സിയിലെ നാല് പൂജ്യം നീക്കം ചെയ്യുകയാണെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ഷംസദ്ദീന്‍ ഹൊസീനി വ്യക്തമാക്കുന്നു. തീരുമാനം പ്രാബല്യത്തിലാകുന്നതോടെ ഒരു റിയാല്‍ നിലവിലെ മൂല്യമനുസരിച്ചുള്ള 10,000 റിയാലിന് തുല്യമായാകും കണക്കാക്കുക. ഇത് 100 ഘെരനുകളായി വിഭജിക്കപ്പെടുമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ നാണ്യ വിനിമയം ലഘുകരിക്കുക, ബാങ്ക് നോട്ടുകളുടെ പ്രിന്‍റിങ് ചെലവ് കുറയ്ക്കുക, കണക്കുകൂട്ടലുകള്‍ എളുപ്പത്തിലാക്കുക എന്നിവയാണ് പൂജ്യം ഒഴിവാക്കുന്നതിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്.
യുഎസും യൂറോപ്യന്‍ യൂണിയനുമുള്‍പ്പടെയുള്ള വന്‍ശക്തികള്‍ ഏര്‍പ്പെടുത്തിയ വിവിധ സാമ്പത്തിക ഉപരോധങ്ങളെ തുടര്‍ന്ന് ഇറാന്‍റെ കറന്‍സി വലിയ മൂല്യത്തകര്‍ച്ചയാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നേരിട്ടത്. ആഗോള ബാങ്കിങ് സംവിധാനത്തിലും കടുത്ത വെല്ലുവിളികള്‍ ഇതേത്തുടര്‍ന്ന് ഇറാന്‍ നേരിട്ടു. 12 ദിവസത്തെ യുദ്ധത്തോടെ ഡോളറിനെതിരെ വീണ്ടും ഇറാന്‍ റിയാലിന്‍റെ മൂല്യം ഇടിഞ്ഞിരുന്നു.
കറന്‍സി പരിഷ്കരിക്കാനുള്ള ഇറാന്‍റെ തീരുമാനത്തിന് മുപ്പത്തിയഞ്ച് വര്‍ഷത്തോളം പഴക്കമുണ്ട്. 2019ല്‍ പരിഷ്കരണം നടപ്പിലാക്കിയേക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായെങ്കിലും തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് കറന്‍സി പരിഷ്കരണത്തിനുള്ള ത്വരിതഗതിയിലെ നീക്കം. പാര്‍ലമെന്‍റ് വോട്ടിനിട്ട് പാസാക്കുകയും പിന്നീട് ഗാര്‍ഡിയന്‍ കൗണ്‍സിലിന്‍റെ അംഗീകാരം ലഭിക്കുകയും ചെയ്താല്‍ മാത്രമേ കമ്മിഷന്‍റെ പ്രഖ്യാപനം നിയമമാകുകയുള്ളൂ.
അതേസമയം, കറന്‍സിയിലെ നാല് പൂജ്യം കുറയ്ക്കുന്നത് പണപ്പെരുപ്പത്തെ ബാധിക്കില്ലെന്നും എന്നാല്‍ ഇടപാട് ചെലവുകള്‍ കുറയ്ക്കുമെന്നും കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായ ജാഫര്‍ ഘാദേരി പറയുന്നു. ഫലവത്തായ സാമ്പത്തിക പരിഷ്കാരങ്ങളും പണപ്പെരുപ്പ നിയന്ത്രണവും കൊണ്ടുവരാത്തിടത്തോളം ഇറാന്‍റെ കറന്‍സിക്ക് ഉയിര്‍പ്പ് സാധ്യമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. കണക്കുകൂട്ടലുകള്‍ എളുപ്പത്തിലാക്കാമെന്നതില്‍ ഉപരിയായി സാധാരണ ജനങ്ങള്‍ക്ക് ഉപകാരമുള്ള നടപടി അല്ല ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര തലത്തിലുള്ള ഉപരോധം നീങ്ങാതെ ഇറാന് സാമ്പദ്വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്നവരും കുറവല്ല. തുര്‍ക്കി, റൊമാനിയ, സാംബിയ തുടങ്ങിയ രാജ്യങ്ങളും കഴിഞ്ഞ 25 വര്‍ഷത്തിനിടെ കറന്‍സിയില്‍ നിന്നും പൂജ്യം ഒഴിവാക്കിയവരാണ്. പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതോടെയായിരുന്നു നടപടി. 1985–86ല്‍ ഇസ്രയേല്‍ മൂന്ന് പൂജ്യങ്ങള്‍ ഒഴിവാക്കിയാണ് പുതിയ ഷെക്കേല്‍ കൊണ്ടുവന്നത്.