സൗദി അറേബ്യയിലെ തായിഫില്‍ അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡുകളിലൊന്ന് തകരാറിലായി തകര്‍ന്നുവീണതിനെ തുടര്‍ന്ന് 23 പേർക്ക് പരുക്ക്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച തായിഫിലെ അൽ ഹദയില്‍ ഗ്രീൻ മൗണ്ടൻ പാർക്കിലാണ് സംഭവം. സംഭവത്തിന്‍റെ നടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'360 ഡിഗ്രി' എന്നറിയപ്പെടുന്ന റൈഡാണ് മധ്യഭാഗം തകര്‍ന്ന് നിലത്തേക്ക് പതിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ റൈഡ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അത് ആസ്വദിക്കുന്ന ആളുകളെ കാണാം. പെട്ടെന്ന് ഒരു വലിയ ശബ്ദത്തിന് പിന്നാലെ റൈഡിന്‍റെ ഹാന്‍ഡില്‍ ഒടിഞ്ഞ് താഴേക്കു പതിച്ചു. തകര്‍ന്ന ഹാന്‍ഡിലിന്‍റെ ഒരു ഭാഗം എതിര്‍വശത്ത് നിന്ന് യാത്രക്കാരെ ഇടിക്കുകയും ചെയ്തു. ഈ സമയം റൈഡിലുണ്ടായിരുന്നവര്‍ നിലവിളിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.
ഖലീജ് ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. റൈഡ് വീഴുമ്പോൾ അവിടെയുണ്ടായിരുന്ന മറ്റ് ചിലര്‍ക്കും പരുക്കുകളുണ്ട്. പരുക്കേറ്റവർക്ക് സംഭവസ്ഥലത്ത് തന്നെ പ്രഥമശുശ്രൂഷ നൽകുകയും പിന്നാലെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, റൈഡ് തകരാറിലാകാന്‍ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അധികാരികൾ അടിയന്തര അന്വേഷണം ആരംഭിച്ചു.
ഈ വർഷം ആദ്യം ഡൽഹിയിലും സമാന അപകടം നടന്നിരുന്നു. സൗത്ത് വെസ്റ്റ് ഡൽഹിയിലെ കപഷേരയ്ക്കടുത്തുള്ള ഫൺ എൻ ഫുഡ് വാട്ടർ പാർക്കിൽ റോളർ കോസ്റ്റർ റൈഡിൽ നിന്ന് വീണ് യുവതി മരിക്കുകയുണ്ടായി. സീറ്റ് ബെൽറ്റ് തകരാറിനെ തുടർന്നായിരുന്നു അപകടം. 24 വയസുകാരി പ്രിയങ്കയാണ് മരിച്ചത്.