• 'ഹമാസിനെ ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്തണം'
  • മൗലികമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരണമെന്നും വ്യവസ്ഥ
  • മധ്യപൂര്‍വേഷ്യയില്‍ സമാധാനം പുലരണമെന്ന് കാര്‍നി

പലസ്തീനെ ഒരു പരമാധികാര രാജ്യമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് കാനഡയും മാള്‍ട്ടയും. ഐക്യരാഷ്ട്ര സംഘടനയില്‍ സെപ്റ്റംബറിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക. മധ്യപൂര്‍വേഷ്യയില്‍ സമാധാനം കൊണ്ടുവരുന്നതിനായി ദ്വിരാഷ്ട്ര പരിഹാരമെന്ന സാധ്യത സജീവമാക്കുകയാണ് കാനഡ. ഇസ്രയേലിനോട് തൊട്ടടുത്ത് തന്നെ സമാധാനത്തിലും സുരക്ഷിതമായും ജനങ്ങള്‍ക്ക് ജീവിതം സാധ്യമാകുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പലസ്തീനെ അംഗീകരിക്കാമെന്നും വിദേശകാര്യമന്ത്രി അനിത ആനന്ദിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍നി വ്യക്തമാക്കി.

ഭരണരംഗത്ത് മൗലികമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും ഹമാസിന് പങ്കാളിത്തമില്ലാതെ 2026-ൽ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്നും പലസ്തീൻ അതോറിറ്റി ഉറപ്പുനൽകണമെന്ന വ്യവസ്ഥയിന്മേലാണ് കാനഡയുടെ നീക്കം. ഇസ്രയേലുമായുള്ള സമാധാന ചർച്ചകൾക്ക് ഒടുവിൽ മാത്രമേ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കൂ എന്നായിരുന്നു കാനഡയുടെ ദീർഘകാലമായുള്ള നിലപാട്. എന്നാൽ ഗാസയിലെ ജനങ്ങളുടെ പട്ടിണി ഉൾപ്പെടെയുള്ള നിലവിലെ സാഹചര്യത്തിലാണ് പുതിയ നിലപാടെന്നും കാര്‍ണി പറഞ്ഞു. പലസ്തീനെ അംഗീകരിക്കുമെന്ന് മാള്‍ട്ടയും വ്യക്തമാക്കി. 

പലസ്തീനെ പരമാധികാര രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാന്‍സും ബ്രിട്ടനും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയും മാള്‍ട്ടയും നിലപാട് വ്യക്തമാക്കിയത്. ഗാസയിലെ പട്ടിണി അടിയന്തരമായി പരിഹരിക്കണമെന്നും സാധാരണക്കാര്‍ ഇങ്ങനെ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോ വ്യക്തമാക്കിയിരുന്നു. അതേസമയം, പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള ഫ്രഞ്ച് നീക്കം തീവ്രവാദത്തെ നേരിട്ട് പിന്തുണയ്ക്കുന്നതാണെന്നും ലജ്ജിപ്പിക്കുന്നതാമെന്നുമായിരുന്നു ഇസ്രയേലിന്‍റെയും യുഎസിന്‍റെയും പ്രതികരണം. 

ENGLISH SUMMARY:

Canada and Malta announce intent to recognize Palestine as a sovereign state, with an official UN announcement in September. This move supports the two-state solution amid Gaza's humanitarian crisis.