യു.എ.ഇയിൽ പ്രവാസി മലയാളികൾക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കുടുംബ തർക്ക പരിഹാര സമിതിക്ക് രൂപം നൽകി. കുടുംബ പ്രശ്നങ്ങൾ വർധിക്കുകയും അത് ദാരുണ സംഭവങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
ഷാർജ പോലീസ് കമ്മ്യൂണിറ്റി പ്രിവന്റീവ് ആൻഡ് പ്രൊട്ടക്ഷൻ വിഭാഗവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ഇതനുസരിച്ചു 2025 ഓഗസ്റ്റ് 2 മുതൽ എല്ലാ ശനിയാഴ്ചകളിലും ഷാർജ ഇന്ത്യൻ അസോസിയേഷൻ ആസ്ഥാനത്ത് 'കുടുംബ തർക്ക പരിഹാര സെഷനുകൾ' സംഘടിപ്പിക്കും.
കുടുംബ കലഹങ്ങൾ, ഗാർഹിക പീഡനം, ദാമ്പത്യ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പോലീസിന്റെ എല്ലാ പിന്തുണയും ലഭിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അറിയിച്ചു. കൊല്ലം സ്വദേശിനികളായ വിപഞ്ചികയും മകളും, അതുല്യയും, കണ്ണൂർ സ്വദേശിനി ഡോ. ധനലക്ഷ്മിയും ഉൾപ്പെടെയുള്ളവരുടെ മരണങ്ങളാണ് ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകത വർധിപ്പിച്ചത്.