Protesters, predominantly Houthi supporters, demonstrate to show solidarity with the Palestinians in the Gaza Strip, in Sanaa, Yemen May 23, 2025. REUTERS/Khaled Abdullah
ഇസ്രയേലിലെ ബെന്‍ ഗുരിയോൺ വിമാനത്താവളം ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് യെമനിലെ ഹൂതി വിമതര്‍. മിസൈല്‍ ആകാശത്തുവച്ച് തകര്‍ത്തതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അവകാശപ്പെട്ടു. 'പലസ്തീൻ 2' ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈകളാണ് ഉപയോഗിച്ചാണ് വിമാനത്താവളം ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സാരി പറഞ്ഞു. ഈയിടെ പുനര്‍നിര്‍മിച്ച തുറുമഖത്തിന്‍റെ ഡോക്ക് ബോംബാക്രമണത്തിൽ തകർന്നതായും ഹൂതികള്‍ അവകാശപ്പെട്ടു.
ആക്രമണത്തിൽ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കി. മിസൈലാക്രമണ സമയത്ത് മധ്യ ഇസ്രായേലിലുടനീളമുള്ള നിരവധി പട്ടണങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴക്കിയിരുന്നു. യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തില്‍ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പ്രത്യാക്രമണം ഉണ്ടായത്. ഇസ്രായേൽ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ ആക്രമിക്കുകയും ഇസ്രായേലിന് നേര്‍ക്ക് നടത്തുന്ന മിസൈലാക്രമണത്തിനും തിരിച്ചടിയായാണ് ഹൂതികള്‍ക്കെതിരെയുള്ള ആക്രമണം.
ഗാസ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനായാണ് ചെങ്കടലില്‍ ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തുന്നത്. ജനുവരിയിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്ന സമയത്ത് ഹൂതികള്‍ ചെങ്കടലില്‍ ആക്രമണം അവസാനിപ്പിച്ചിരുന്നു. ഈ സമയത്ത് ഇസ്രായേലിന് നേരെ 40-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡസൻ കണക്കിന് ഡ്രോണുകളും ക്രൂയിസ് മിസൈലുകളുമാണ് ഹൂതികള്‍ പ്രയോഗിച്ചത്.
മാര്‍ച്ച് 18 ന് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം പുനരാരംഭിച്ചത് മുതല്‍ ഇസ്രയേലിനെതിരെ 63 ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണ്‍ ആക്രമണങ്ങളും ഹൂതികള്‍ നടത്തിയിട്ടുണ്ട്. 2024 ജൂലൈയിൽ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ടെൽ അവീവിൽ ഒരാള്‍ മരിച്ചിരുന്നു.