ഷാർജയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കുന്ന യുവാവിന്‍റെ വിഡിയോ സൈബറിടത്ത് വൈറലാകുന്നു. വിഡിയോയുടെ അടിസ്ഥാനത്തിൽ സംഭവം നടന്ന സ്ഥലം ബുഹൈറ കോർണിഷിന് സമീപമുള്ള നൂർ പള്ളിക്കടുത്താണെന്ന് തിരിച്ചറിഞ്ഞു. ഒരു യുവാവ് നിലത്തിരുന്ന് പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കുന്നതാണ് വിഡിയോയിലുള്ളത്.
പ്രാദേശിക മൃഗസംരക്ഷണ ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും വിഡിയോ വ്യാപകമായി പ്രചരിച്ചു. ഒരാൾ ലൈറ്റർ ഉപയോഗിച്ച് പൂച്ചയെ ഉപദ്രവിക്കുകയും കൂട്ടുകാരൻ അത് ചിരിച്ചുകൊണ്ട് ചിത്രീകരിക്കുകയുമായിരുന്നു. ഏകദേശം മൂന്നാഴ്ച മുൻപാണ് ഈ വിഡിയോ പ്രചരിക്കാൻ തുടങ്ങിയതെന്നാണ് വിവരം.
പ്രതിയെ തിരിച്ചറിഞ്ഞതായിട്ടാണ് സൂചന, യുഎഇ നിയമം മൃഗങ്ങളോടുള്ള ക്രൂരതയെ കർശനമായി നിരോധിക്കുന്നുണ്ട്. മൃഗങ്ങളെ മനഃപൂർവം കൊല്ലുകയോ ഗുരുതരമായി പരുക്കേൽപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. ഇത്തരം കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവോ 10,000 ദിർഹം വരെ പിഴയോ ലഭിക്കാം. മൃഗങ്ങളെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5,000 ദിർഹം വരെ പിഴ ചുമത്തും.