കൊല്ലം സ്വദേശിനിയായ മലയാളി യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചവറ കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നും, ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളോടൊപ്പം നാട്ടിൽ സ്കൂളിൽ പഠിക്കുകയാണ്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.