യുഎഇയിലെ വടക്കന്‍ എമിറേറ്റായ ഫുജൈറയില്‍ മ്യൂസിക്കല്‍ റോഡ്. വാഹനങ്ങള്‍ റോഡിന്റെ പ്രത്യേക സ്ട്രിപ്പിലൂടെ കടന്നുപോകുമ്പോള്‍ കേള്‍ക്കുന്നത് പ്രശസ്ത സംഗീതജ്ഞന്‍ ബീഥോവന്റെ സിംഫണിയാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഷെയ്ഖ് ഖലീഫ സ്ട്രീറ്റില്‍ 750 മീറ്റര്‍ ദൂരത്തില്‍ ഈ മ്യൂസിക്കല്‍ റോഡ് നിര്‍മിച്ചിരിക്കുന്നത്.
നീണ്ടുകിടിക്കുന്ന പാതയിലൂടെ സംഗീതത്തിന്റെ അകമ്പടിയോടൊരു യാത്ര. വാഹനത്തിനുള്ളിലിരിക്കുന്നവര്‍ക്കും പുറത്തുനില്‍ക്കുന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാം. അത്തരമൊരു സാങ്കേതികവിദ്യയാണ് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ റോഡില്‍ ഒരുക്കിയിരിക്കുന്നത്. റോഡിന്റെ മേല്‍ഭാഗത്ത് പതിച്ചിരിക്കുന്ന സ്ട്രിപ്പിലൂടെ വാഹനം ഓടിക്കുമ്പോഴാണ് സംഗീതം കേള്‍ക്കാനാകുന്നത്.
വിനോദത്തിനുമാത്രമല്ല, നീണ്ടുകിടക്കുന്ന റോഡിലെ സുരക്ഷയ്ക്കും സാംസ്കാരികഅനുഭവം കൈമാറുന്നതിനുമായാണ് ഫുജൈറ സര്‍ക്കാര്‍ ഇത്തരമൊരു റോഡ് ഒരുക്കിയിരിക്കുന്നത്. യുഎസ്, ജപ്പാന്‍, ദക്ഷിണകൊറിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നടപ്പാക്കി വിജയിച്ച സംവിധാനം ആദ്യമായാണ് ഗള്‍ഫിലേക്കെത്തുന്നത്. വടക്കന്‍ എമിറേറ്റുകളിലെ കാഴ്ചകാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ കാഴ്ചയാണ് ഈ മ്യൂസിക്കല്‍ റോഡ്.