Image Credit: X/ Yemeni_Military
യെമനിലെ ഹൂതികൾ ചെങ്കടലിൽ കപ്പലുകൾക്കു നേരെ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളില്‍ പ്രതിസന്ധിയിലായി ഇസ്രയേലിലെ ഐലാത്ത് തുറമുഖം. ഹൂതികളുടെ ആക്രമണം കാരണം കപ്പലുകള്‍ക്ക് തുറമുഖത്തേക്ക് അടുക്കാന്‍ സാധിക്കാത്തതിനാല്‍ കടക്കെണിയിലായ തുറമുഖം സാമ്പത്തിക തകർച്ചയിലാണ്. അടച്ചുപൂട്ടൽ ഒഴിവാക്കാൻ തുറമുഖ അധികൃതര്‍ സര്‍ക്കാറിനോട് സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇസ്രായേലിന്‍റെ തെക്കൻ മേഖലയിലാണ് ഐലാത്ത് തുറമുഖം. 2023 ഒക്ടോബറിൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹൂതികൾ ഇസ്രയേല്‍ കപ്പലുകളെ കടലില്‍ അക്രമിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് തുറമുഖത്തിലേക്കുള്ള 90 ശതമാനം വ്യാപാരവും തടസപ്പെട്ടത്. നികുതിയും ശമ്പള ചെലവും അടക്കം ഭീമമായ പ്രതിമാസ ചെലവുകൾ വഹിക്കേണ്ടി വന്നതോടെ കഴിഞ്ഞ 20 മാസമായി വലിയ കടത്തിലാണ് തുറമുഖം. ഞായറാഴ്ചയോടെ തുറമുഖം അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കിഴക്ക് മേഖല, ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ എന്നിവയുമായുള്ള സമുദ്ര വ്യാപാരത്തിനായാണ് തുറമുഖം പ്രധാനമായും ഉപയോഗിക്കുന്നത്. ചൈനയിൽ നിന്നുള്ള വാഹനങ്ങൾ ഉൾപ്പെടെ കിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഇറക്കുമതികൾ ഈ തുറമുഖം വഴിയാണ്. തുറമുഖം നഗരത്തിന്‍റെയും താമസക്കാരുടെയും സാമ്പത്തിക ശേഷിയുടെ ഭാഗമാണെന്നും തുറമുഖം അടച്ചാല് അത് ഹൂതികള്‍ക്ക് വലിയ വിജയമാകുമെന്നും ഐലാത്ത് പോര്‍ട്ട് സിഇഒ ഗിഡിയൻ ഗോൾബർ പറഞ്ഞു.
ഇസ്രായേലിന്‍റെ സമുദ്രവ്യാപാരത്തിന്‍റെ ഭൂരിഭാഗവും മെഡിറ്ററേനിയനിലെ ഹൈഫ, അഷ്‌ദോദ് തുറമുഖങ്ങളിലൂടെയാണ്. എങ്കിലും ഇസ്രയേലിലേക്കുള്ള വാഹന ഇറക്കുമതിയുടെ 50 ശതമാനവും എത്തുന്നത് ഐലാത്ത് വഴിയാണ്. ഇസ്രയേലി കെമിക്കൽസ് ലിമിറ്റഡിന്‍റെ (ഐസിഎൽ) ഫോസ്ഫേറ്റ്, പൊട്ടാഷ് കയറ്റുമതിയും നടക്കുന്നത് ഈ തുറമുഖം വഴിയാണ്. ഹമാസുമായി യുദ്ധം ആരംഭിച്ചത് മുതല്‍ ഐലാത്തിലേക്ക് എത്തുന്ന കപ്പലുകൾ ചെങ്കടലിലെ വച്ച് ഹൂതികള്‍ ലക്ഷ്യമിടുന്നുണ്ട്. ചൊവ്വാഴ്ച ഐലാത്ത് ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണം ഇസ്രയേല്‍ സൈന്യം തകര്‍ത്തിരുന്നു.