ഷാര്‍ജയില്‍ ഒന്നര വയസുകാരി മകളുമായി ജീവനൊടുക്കിയ വിപഞ്ചിക നാടിന്‍റെ നെഞ്ചിലെ നോവാകുന്നു. ചൊവ്വാഴ്ച ഷാര്‍ജയിലെ ഫ്ലാറ്റിലാണ് വിപഞ്ചിക മകളുമായി ജീവിതം അവസാനിപ്പിച്ചത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് പിരിഞ്ഞ് താമസിച്ചിരുന്ന വിപഞ്ചിക ഭര്‍ത്താവ് നിതീഷില്‍ നിന്നും കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വിവാഹബന്ധം വേര്‍പെടുത്താനുള്ള നിതീഷിന്‍റെ നീക്കത്തോട് വിപഞ്ചിക പലവട്ടം തന്‍റെ വിയോജിപ്പ് അറിയിച്ചു. പക്ഷേ നിതീഷ് വിവാഹമോചനമെന്ന തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ബന്ധം വേര്‍പെടുത്താനാണ് തീരുമാനമെങ്കില്‍ പിന്നെ താനും കുഞ്ഞും ജീവിച്ചിരിക്കില്ലെന്ന് വിപഞ്ചിക ഭര്‍ത്താവിനോട് പറഞ്ഞുവെങ്കിലും നിതീഷ് കാര്യമായെടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഒടുവില്‍ വിവാഹമോചനം സംബന്ധിച്ച് വക്കീല്‍ നോട്ടിസ് ലഭിച്ചതോടെ വിപഞ്ചിക കുഞ്ഞുമായി ജീവനൊടുക്കുകയായിരുന്നു.
കയറിന്‍റെ ഒരറ്റത്ത് കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം മറുവശത്ത് വിപഞ്ചികയും ജീവനൊടുക്കിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടുത്ത സ്ത്രീധന പീഡനവും മാനസിക സമ്മര്‍ദവും വിപഞ്ചിക നേരിട്ടുവെന്നും പൊലീസ് പറയുന്നു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു യുവതി.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെടുന്നത്. എന്നാല്‍ കുഞ്ഞിന്‍റെ മൃതദേഹം വിട്ടുനല്‍കില്ലെന്ന നിലപാടാണ് നിതീഷിനും കുടുംബത്തിനുമുള്ളത്. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ അല്‍ ബുഹൈറ പൊലീസ് അന്വേഷണം തുടങ്ങി.