വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് ദെനാലിയില്‍ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ടതിന്റെ അനുഭവങ്ങൾ മനോരമ ന്യൂസുമായി പങ്കുവച്ച് ലോകപ്രശസ്ത പർവ്വതാരോഹകൻ ഷെയ്ഖ് ഹസ്സൻ ഖാൻ. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടെയാണ് ഹസൻ ഖാനും സുഹൃത്തും മഞ്ഞുമലയിൽ കുടുങ്ങിയത്.
ദൗത്യത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങുന്നതിനിടയിൽ ദുബായിലെ റേവാഖ് ഔഷാ ഇൻസ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മൗണ്ടെനീയറിങ് എക്യുപ്മെൻറ്സ് വർക്ഷോപ്പിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മനോരമ ന്യൂസുമായി അനുഭവങ്ങൾ പങ്കുവച്ചു . 17,000 അടി ഉയരത്തിൽ ഇന്ത്യൻ പതാക വിജയകരമായി ഉയർത്തി. ആ അഭിമാന നിമിഷത്തിനു ശേഷം തിരിച്ചിറങ്ങുമ്പോഴായിരുന്നു വിധി ക്രൂരമായ രൂപത്തിൽ അവരെ കാത്തിരുന്നത്. മടക്കയാത്രയിൽ മുത്തമശെൽവിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത് സ്ഥിതി വഷളാക്കി. നടക്കാൻ പോലും കഴിയാതിരുന്ന അവരെ ഒരു ടെന്റിനുള്ളിൽ സുരക്ഷിതയാക്കിയെങ്കിലും, മണിക്കൂറിൽ 45 ഡിഗ്രി വേഗതയിൽ വീശിയടിച്ച അതിശക്തമായ കാറ്റും അതിശൈത്യവും അവരെ മൂന്ന് ദിവസത്തോളം അവിടെ കുടുക്കി. കൂടെ കരുതിയിരുന്ന ഭക്ഷണവും തീർന്നു.
പ്രതികൂല കാലാവസ്ഥയും ദുരിതവും നേരിട്ട് ഒടുവിൽ ഷെയ്ഖ് ഹസൻ ഖാന്റെ സുഹൃത്തുക്കൾ വഴിയാണ് അവരുടെ അവസ്ഥ പുറംലോകം അറിഞ്ഞത്. വിവരം അറിഞ്ഞയുടൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമുൾപ്പെടെയുള്ളവർ അടിയന്തരമായി ഇടപെട്ടു. ഈ ഭയാനകമായ അനുഭവത്തിന് ശേഷവും സാഹസിക യാത്രകൾ ഉപേക്ഷിക്കാൻ താൻ ഒരുക്കമല്ലെന്ന് ഷെയ്ഖ് ഹസൻ ഖാൻ വ്യക്തമാക്കി. അടുത്ത ലക്ഷ്യം എന്താണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ സാഹസിക യാത്രകൾ നടത്തുന്ന നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നു ദുബായിലേത്. കൊടുമുടികൾ കീഴടക്കിയുള്ള യാത്രയിൽ നേരിട്ട അനുഭവങ്ങൾ, വിവിധ കൊടുമുടികളുടെ പ്രത്യേകതകൾ, പർവതാരോഹണത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, നിർണായക തീരുമാനങ്ങൾ എന്നിവ വിശദീകരിച്ചുകൊണ്ടുള്ള ക്ലാസും ചടങ്ങിന്റെ ഭാഗമായി നടന്നു.