FILE - People jam into the schoolyard in Tehran to see the Ayatollah Ruhollah Khomeini, who blesses the crowd, on Feb. 4, 1979. (AP Photo/Michel Lipchitz, File)
വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ ആക്രമണം നടത്താന്‍ ഇസ്രയേലിന് സഹായം ചെയ്ത 'രാജ്യദ്രോഹി'കളെ തിരഞ്ഞു പിടിച്ച് തൂക്കിലേറ്റി ഇറാന്‍. കുര്‍ദ് വംശജരായ മൂന്നുപേരെയാണ് മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇറാന്‍ ഇന്നലെ തൂക്കിലേറ്റിയത്. ചാരവൃത്തിയുടെ നിര്‍വചനം ഇറാന്‍ പരിഷ്കരിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പരിഷ്കരണം. ഇതനുസരിച്ച് ഇസ്രയേലുമായി ബന്ധമുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ പിന്തുടരുന്നതും ലൈക്ക് ചെയ്യുന്നതും കമന്‍റ് ചെയ്യുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടും.
AFP
ശത്രു സര്‍ക്കാരുകളായ യുഎസും ഇസ്രയേലും ഭൂമിക്ക് മേലുള്ള കറയും മാലിന്യവുമായാണ് ഇറാന്‍ കാണുന്നതെന്നും മരണമാണ് അവര്‍ക്കുള്ള ശിക്ഷയെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. സൈബര്‍ യുദ്ധം, ആയുധക്കടത്ത്, വിദേശ മാധ്യമങ്ങളുമായി വിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ക്രിമിനല്‍ കുറ്റങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിലെ ആക്ടിവിസ്റ്റുകളെയും സിറ്റിസണ്‍ ജേണലിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഇറാനിലെ നീതിന്യായ വകുപ്പില്‍ നിന്നുള്ള പുതുക്കിയ ചട്ടങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങള്‍ക്ക് കൈമാറുകയും ബോധവല്‍ക്കരണത്തിനായി നല്‍കുകയും ചെയ്തിട്ടുണ്ട്. സയോണിസ്റ്റ് ഭരണകൂടവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്ന സമൂഹ മാധ്യമ അക്കൗണ്ടുകളുമായി ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്തരുതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
പതിറ്റാണ്ടുകള്‍ കൊണ്ട് ഇസ്രയേല്‍ ഇറാനുള്ളില്‍ കെട്ടിപ്പടുത്ത ചാരവലയത്തെ ഉപയോഗിച്ചാണ് തന്ത്രപ്രധാന കേന്ദ്രങ്ങളിലെയടക്കം വിവരം ഇസ്രയേല്‍ ചോര്‍ത്തിയതും ഹുസൈന്‍ സലാമിയടക്കമുള്ള ഉന്നതരെ വധിച്ചതും. ഇറാനുള്ളില്‍ നിന്ന് സൈന്യത്തിലെ ഉന്നതര്‍ക്ക് വന്ന ഭീഷണി ഫോണ്‍ സന്ദേശങ്ങളും ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഇസ്രയേല്‍ നടത്തിയ ശ്രമങ്ങളും അതീവ ഗൗരവമായാണ് ഇറാന്‍ എടുത്തിരിക്കുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.