യുഎസ് ആക്രമണങ്ങളില്‍ ഇറാന്റെ ആണവശേഷി നശിപ്പിക്കപ്പെട്ടെന്ന് പെന്റഗണ്‍. പക്ഷെ, പദ്ധതികളെ ബാധിച്ചിട്ടില്ലെന്ന് ഇന്റലിജന്‍സ് വിലയിരുത്തി.ആക്രമണത്തിന് ട്രംപ് അനുമതി നല്‍കിയതില്‍ വെള്ളിയാഴ്ച വൈറ്റ് ഹൗസ് വിശദീകരണം നല്‍കും. നെതര്‍ലന്‍ഡ്സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ സംഘര്‍ഷം ചര്‍ച്ചയാകും. ഇറാന്റെ രണ്ട് ഡ്രോണുകള്‍ തടഞ്ഞുനിര്‍ത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇറാനിലെ റാഷിന് മുകളിലൂടെ പറന്ന ഡ്രോണുകള്‍ നശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തലിന് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തതിന് പിന്നാലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചു. രാജ്യത്തുള്ള നാല്‍പ്പതിനായിരം വിനോദസഞ്ചാരികളെ രാജ്യം വിടാന്‍ സഹായിക്കാനും ഇസ്രയേല്‍ നടപടി തുടങ്ങി. ഇറാനില്‍ നിന്നൊഴിപ്പിച്ച 282 ഇന്ത്യക്കാരെ കൂടി ഡല്‍ഹിയില്‍ എത്തിച്ചു.
മധ്യപൂർവദേശത്തെ വ്യോമാതിർത്തികൾ ക്രമേണ തുറന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ സാധാരണ നിലയിലേക്ക്. എയര്‍ ഇന്ത‌്യ അടക്കമുള്ള കമ്പനികള്‍ സര്‍വീസ് പുനരാരംഭിച്ചു. എന്നാല്‍ ഖത്തർ എയർവേയ്സ് സര്‍വീസ് തുടങ്ങിയിട്ടില്ല. കേരളത്തിലെ മറ്റ് രാജ്യാന്തര വിമാനത്താവളങ്ങളിലും ഗൾഫിലേക്കുള്ള സർവീസുകൾ വീണ്ടും തുടങ്ങി. ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് ധാരണയായതോടെയാണ് വ്യോമപാത തുറന്നത്. തിങ്കളാഴ്ച്ച ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണം വിമാന സർവീസുകളുടെ താളംതെറ്റിച്ചു. ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് വ്യോമപാത അടച്ചത്.