12 ദിവസത്തിന് ശേഷം ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷം അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ ഉയരുന്ന ചോദ്യമുണ്ട്? ഗാസയിലെ കൂട്ടക്കുരുതി എന്നവസാനിക്കും? ഹമാസിന്‍റെ പ്രധാനനേതാക്കളെയെല്ലാം കൊന്നൊടുക്കിയെങ്കിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഗാസയിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിനിടയില്‍ ഗാസയെ മറന്നുപോകരുതെന്ന് ഓര്‍മപ്പെടുത്തിയത് ലിയോ പതിനാലാമന്‍ പാപ്പായായിരുന്നു. ഗാസയില്‍ ഇസ്രയേല്‍ കൂട്ടക്കുരുതി തുടരുകയാണ്. ഇന്നലെ ഭക്ഷണവിതരണകേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 37പേരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയിലേറെയായി സഹായവിതരണകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാണ്. ഇരുന്നൂറിലേറെപ്പേര്‍ ഈ മാസം മാത്രം കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 15 വരെയുള്ള കണക്ക് പ്രകാരം 56,077 കൊലപ്പെട്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം. അതില്‍ 17,121പേര്‍ കുട്ടികളാണ്.
അതിനിടെ, എത്രയും വേഗം മേഖലയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായി 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 50 ബന്ദികളാണ് ഇനി ഹമാസിന്‍റെ പിടിയിലുള്ളത്. അതില്‍ 25 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ഗാസയിലും സംഘര്‍ഷം അവസാനിപ്പിക്കണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മേർട്സ് ആവശ്യപ്പെട്ടു. ബെല്‍ജിയത്തില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തിലും ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചയായേക്കും.
നിലവില്‍ ഇസ്രയേലും ഹമാസുമായി ചര്‍ച്ചകള്‍ നടക്കുന്നില്ല. ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇടപെടുന്നുണ്ടെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി വ്യക്തമാക്കി. ഹമാസിന്‍റെ പ്രധാനനേതാക്കളെല്ലാം കൊല്ലപ്പെട്ട സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കാന്‍ നേതൃനിരയില്‍ നിന്ന് ആരും തയാറാകുന്നില്ലെന്നതും തിരിച്ചടിയാണ്.