ദോഹയില്‍ യുഎസ് സൈനികത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ മിസൈലാക്രമണം ആകാശത്തുവച്ചുതന്നെ പ്രതിരോധിച്ചെന്ന് ഖത്തര്‍. ആക്രമണം വിജയകരമായിരുന്നുവെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്. ആക്രമണത്തെക്കുറിച്ച് നേരത്തേ അറിയിച്ച ഇറാന് നന്ദി പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇതോടെ വെറുപ്പ് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാനുള്ള ഖത്തര്‍ അമീറിന്റെ ഇടപെടലിനും ട്രംപ് നന്ദി അറിയിച്ചു.
ആക്രമണം. അപലപിക്കല്‍. ഇറാന്‍റെ മുഖം രക്ഷിക്കാന്‍ യുഎസ് അനുവദിച്ച പ്രത്യാക്രമണമെന്ന തരത്തില്‍ ട്രംപിന്‍റെ വിശദീകരണം. അതിനാടകീയമായ രാത്രിയില്‍ ആദ്യം കണ്ടത് ഇറാന്‍റെ ഫൊര്‍ദോ ആണവകേന്ദ്രം ആക്രമിച്ചതിന് പ്രത്യാക്രമണമായി മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ യുഎസ് സൈനികത്താവളമായ അല്‍ ഉദെയ്ദിനുനേരെയുണ്ടായ മിസൈലാക്രണമായിരുന്നു. പ്രാദേശിക സമയം രാത്രി 7.42നാണ് സ്ഫോടനശബ്ദമുണ്ടായത്.
ആക്രമണത്തിന് ഒരു മണിക്കൂര്‍ മുന്‍പ്തന്നെ ഖത്തര്‍ വ്യോമമേഖല പൂര്‍ണമായി അടച്ചിരുന്നു. ആദ്യം ഇറാനും തുടര്‍ന്ന് ഖത്തറും ആക്രമണം സ്ഥിരീകരിച്ചു. അമേരിക്കയുടെ ആക്രമണത്തിന് അതേഭാഷയില്‍ മറുപടിയെന്ന് ഇറാന്‍. അമേരിക്ക പ്രയോഗിച്ച ആത്രയും ബോംബുകള്‍ തിരികെ പ്രയോഗിച്ചെന്ന് റവല്യൂഷണറി ഗാര്‍ഡ്. ഇറാന്റെ ആക്രമണത്തെ കടുത്തഭാഷയില്‍ അപലപിച്ച ഖത്തര്‍, രാജ്യത്തിന്‍റെ പരമാധികാരത്തിനും രാജ്യാന്തരനിയമങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്ന് വ്യക്തമാക്കി. എന്നാല്‍ ഖത്തറിനുനേരെയല്ല, യുഎസിനുനേരെയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വിശദീകരിച്ചു. തുടര്‍ന്നായിരുന്നു മുന്‍കൂട്ടിതയാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ആക്രമണമെന്ന തരത്തില്‍ ട്രംപ് പ്രതികരിച്ചത്.
പ്രത്യാക്രമണം ദുര്‍ബലമായിരുന്നുവെന്നും യുഎസ് പ്രതീക്ഷിച്ചിരുന്നുവെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇറാന്‍ പ്രത്യാക്രമണം നടത്തുമെന്ന് നേരത്തേ അറിയിച്ചതിന് ട്രംപ് നന്ദി അറിയിച്ചു. ഇതോടെ വെറുപ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സമാധാനത്തിലും സൗഹൃദത്തിലും മുന്നോട്ടുപോകാനാകട്ടെയെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ബഹ്റൈനും കുവൈത്തും വ്യോമപാത താല്‍ക്കാലികമായി അടച്ചു. ഖത്തറിലുള്ള ഇന്ത്യക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്ന് എംബസി നിര്‍ദേശിച്ചു. ഖത്തറിന് പിന്നാലെ സൗദിയുടെ യുഎഇയുമടക്കം ഗള്‍ഫ് രാജ്യങ്ങളും ഇറാന്‍റെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.