ഇന്നലെ രാത്രിയാണ് അപ്രതീക്ഷിതമായി ദോഹയിലെ യുഎസ് സൈനിക ക്യാംപായ അൽ ഉദെയ്ദ് എയർ ബേസ് ഇറാന്‍ ആക്രമിച്ചത്. ഇറാന്‍റെ മിസൈലുകള്‍ ആകാശത്ത് വച്ചു തന്നെ പ്രതിരോധിക്കാന്‍ സാധിച്ചെങ്കിലും ജനങ്ങള്‍ വിറങ്ങലിച്ച രാത്രിയാണ് കടന്നു പോയത്. വ്യോമപ്രതിരോധ സംവിധാനം ആക്ടീവ് ചെയ്യുകയും നഗരത്തിലുടനീളം സൈറന്‍ മുഴങ്ങുകയും ചെയ്തിരുന്നു.
മിഡില്‍ ഈസ്റ്റിലെ തന്നെ വികസിത നഗരങ്ങളിലൊന്നാണ് ദോഹ. ഇറാന്‍റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ദോഹ മാളിൽ നിന്നും ജനങ്ങള്‍ നിലവിളിച്ച് പുറത്തേക്ക് ഓടുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. കുട്ടികളും സ്ത്രീകളും പുരുഷന്മാരും മാളിന്‍റെ എക്സിറ്റ് ഗേറ്റിലേക്ക് ഓടുന്നതാണ് വിഡിയോ.
ദോഹയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് അൽ ഉദെയ്ദ് എയർ ബേസ്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ ആസ്ഥാനമായ ഇവിടെ 10,000 ത്തോളം യുഎസ് സൈനികരുണ്ടെന്നാണ് വിവരം. 60 ഏക്കറില്‍ പരന്നു കിടക്കുന്ന ഇവിടെ ഏകദേശം 100 യുദ്ധവിമാനങ്ങളുണ്ട്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ യുഎസ് നടപടികളുടെ കേന്ദ്രമായ സൈനിക ക്യാംപില്‍ നിന്നും യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെയുള്ള വ്യോമ പ്രവർത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് നല്‍കുന്നത്.
അൽ ഉദെയ്ദ് വ്യോമതാവളത്തിന് നേര്‍ക്ക് ഹ്രസ്വ-ദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. 14 മിസൈലുകള്‍ ഇറാന്‍ പ്രയോഗിച്ചെന്നാണ് ട്രംപ് പറഞ്ഞത്. ഇതില്‍ 13 എണ്ണം ആകാശത്തുവച്ച് പ്രതിരോധിച്ചെന്നും ട്രംപ് പറഞ്ഞു. ഒരെണ്ണം സ്വയം തകര്‍ന്നെന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം.