fordow

ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷത്തിന്‍റെ പത്താം ദിവസമാണ് ഇറാനിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളിലേക്ക് യുഎസ് ആക്രമണം നടത്തിയത്. ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഉപയോഗിച്ച് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രഹരിച്ചതില്‍ പ്രധാന ലക്ഷ്യം ഫോര്‍ഡോ ആണവ നിലയമായിരുന്നു. എന്നാല്‍   യു.എസ് ആക്രമണം ലക്ഷ്യം കണ്ടില്ലെന്നാണ്  ഇപ്പോള്‍ പുറത്തുവരുന്ന വിവരം.  

യുഎസിന്‍റെ ആക്രമണം മുന്‍കൂട്ടി അറിഞ്ഞ ഇറാന്‍  ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്ലാന്‍റിലെ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ മറ്റൊരിടത്തേക്ക് മാറ്റിയെന്നാണ് വിവരം. രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യുയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. യുഎസ് ആക്രമണത്തിന് മുന്‍പ് ഫോര്‍ഡോ പ്ലാന്‍റിലെ യുറേനിയവും മറ്റു ഉപകരണങ്ങളും ഇറാന്‍  മാറ്റിയിരുന്നു.  

60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയമാണ് ഇറാന്‍ സുരക്ഷിതമാക്കിയത്.  90 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ചാണ് ആണവായുധം നിര്‍മിക്കാന്‍ സാധിക്കുക. ഇറാനെ ആക്രമിക്കാന്‍ സൈന്യത്തെ അയക്കണമോ എന്ന് ട്രംപ് സമയം തേടിയതിന് പിന്നാലെ യുറേനിയം മാറ്റുകയായിരുന്നു. യുറേനിയം സുരക്ഷിതമായിരിക്കുന്നതിനാല്‍ ഇറാന് ഇനിയും ആണവായുധം നിര്‍മിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാമെന്നത് ഇസ്രയേലിനും യുഎസിനും ആശങ്കയാണ്.

പുറത്തുവന്ന ചില സാറ്റലൈറ്റ് ചിത്രങ്ങളും ഇറാന്‍ യുറേനിയം മാറ്റിയെന്ന വാദത്തിന് ഫലം നല്‍കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ നിന്നും ട്രക്കുകളുടെ നീക്കം സാറ്റ്‍ലൈറ്റില്‍ കാണുന്നുണ്ട്. ഫോര്‍ഡോ ആണവ നിലയത്തിന് മുന്‍പില്‍ 16 ട്രക്കുകള്‍ നിരന്നുനില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ജൂണ്‍ 19 നുള്ളതാണ് ചിത്രം. 

യുഎസ് ആക്രമണം ആണവ വികരണത്തിന് കാരണമാകുമോ എന്ന ആശങ്കയ്ക്കിടെ ആണവ കേന്ദ്രങ്ങളിൽ അത്തരം വസ്തുക്കളില്ലെന്ന്  ഇറാൻ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ്സ് ചെയർമാൻ ഡാൻ കെയ്‌നും നടത്തിയ വാര്‍ത്തസമ്മേളനങ്ങളില്‍ മൂന്ന് കേന്ദ്രങ്ങളിൽ ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കി എന്നു മാത്രമാണ് ഇരുവരും പറഞ്ഞത്.

ENGLISH SUMMARY:

Reports indicate the recent US bunker-buster bomb attack on Iran's underground Fordow nuclear plant, on the 10th day of the Israel-Iran conflict, was unsuccessful. Get the latest details.