ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷത്തിന്‍റെ പത്താം ദിവസമാണ് ഇറാനിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളിലേക്ക് യുഎസ് ആക്രമണം നടത്തിയത്. ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഉപയോഗിച്ച് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് യുഎസ് പ്രഹരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍റെ ആണവകേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. 

Also Read: ഇറാനില്‍ യുഎസ് ഇട്ടത് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തകര്‍ത്തു

കുന്നുകള്‍ക്കിടയില്‍ ഭൂമിക്കടിയില്‍ ഇറാന്‍ ഒളിപ്പിച്ച ആണവ കേന്ദ്രമാണ് ഫോര്‍ഡോ. ഇവിടുത്തെ യുറേനിയം സമ്പുഷ്ടീകരണം ആണവായുധങ്ങളിലേക്ക് എത്തുന്ന തരത്തിലേക്ക് നീങ്ങിയെന്നതാണ് യുഎസിനെയും ഇസ്രയേലിനെയും ആശങ്കപ്പെടുത്തിയിരുന്നത്. ഇസ്രയേല്‍ സൈനിക ശേഷിക്ക് പോലും കടന്ന് ചെല്ലാന്‍ സാധിക്കാത്തത്രയും ആഴത്തിലാണ് കേന്ദ്രം സ്ഥാപിച്ചിരുന്നത്. ഇതാണ് യുഎസ് ആക്രമണത്തിന് ഇറങ്ങാനുള്ള കാരണവും. 

ട്രംപ് വെളിപ്പെടുത്തിയില്ലെങ്കിലും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ബി2 യുദ്ധവിമാനങ്ങളാണ് ദൗത്യത്തിന് ഉപയോഗിച്ചത്. രണ്ട് തരം ബങ്കര്‍ ബാസ്റ്റര്‍ ബോംബുകള്‍ക്ക് മാത്രമാണ് ഈ കേന്ദ്രങ്ങളെ തൊടാന്‍ സാധിക്കുന്നത്. ഈ ദൗത്യത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നതാകട്ടെ രണ്ട് തരം എയര്‍ക്രാഫ്റ്റുകളും. ഇവയും യുഎസിന് മാത്രം സ്വന്തം. 

Also Read: ഇറാന്‍റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ബോംബ് ആക്രമണം; മറ്റാര്‍ക്കും കഴിയാത്തതെന്ന് ട്രംപ്

ഓപ്പറേഷന്‍ റൈസിങ് ലയണിന്‍റെ പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നു ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുക എന്നത്. ഇസ്രയേല്‍ സൈനിക താവളങ്ങളും ആണവ കേന്ദ്രങ്ങളും ലക്ഷ്യമിടുമ്പോഴും ലക്ഷ്യത്തില്‍ നിന്നും വളരെ അകലെയായിരുന്നു ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍. യുഎസിന്‍റെ രണ്ട് തരം 'ബങ്കർ ബസ്റ്റർ' ബോംബുകൾക്ക് മാത്രമേ ഫോർഡോ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന ആഴത്തിലേക്ക് പ്രഹരം ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. GBU-43/B മാസ്സിവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് (MOAB), GBU-57A/B മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ (എംഒപി) ബോംബുകളാണിവ. 

ദൗത്യത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്ന രണ്ട് തരം വിമാനങ്ങളും യുഎസിന് മാത്രമാണുള്ളത്. GBU-43/B മാസ്സിവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് ബോംബുകള്‍ സി-130 വിമാനങ്ങളുടെ റാംപില്‍ നിന്നാണ് പ്രഹരിക്കാന്‍ സാധിക്കുക.  GBU-57A/B മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ പ്രഹരിക്കാന്‍ ശേഷിയുള്ളത് ബി2 യുദ്ധ വിമാനങ്ങള്‍ക്കാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ബി2 യുദ്ധ വിമാനം ഉപയോഗിച്ച്  GBU-57A/B മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ ബോംബുകളാണ് യുഎസ് ഫോര്‍ഡോയ്ക്ക് മുകളില്‍ പ്രയോഗിച്ചത്. 

30,000 പൗണ്ട് അഥവാ 13600 കിലോ ഭാരമുള്ള മാസ്സീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ ബോംബുകള്‍ക്ക് ഏകദേശം 20.5 അടി നീളവും 31.5 ഇഞ്ച് വീതിയുമുണ്ട്. 30,000 പൗണ്ടില്‍ 5.300 പൗണ്ട് സ്ഫോടന വസ്തുക്കളാണ്. എംഒപിയുടെ സ്‌ഫോടനശേഷി മുൻഗാമിയായ BLU-109- നേക്കാള്‍ 10 മടങ്ങ് കൂടുതലാണെന്ന് വ്യോമസേന പറയുന്നു. 60 മീറ്റര്‍ വരെ താഴ്ചയില്‍ പ്രഹരിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. ഓരോ ബി–ടു വിമാനത്തിനും രണ്ട് ബോംബുകൾ സൂക്ഷിക്കാൻ കഴിയും. 300 അടി (ഏകദേശം 100മീറ്ററോളം) താഴ്ചയിലാണ് ഫോറഡോ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിവരം. ഇതിന് റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ സുരക്ഷയുമുണ്ട്. ഇതും മറികടന്നാണ് ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ലക്ഷ്യം കണ്ടത്. 

ENGLISH SUMMARY:

Reports reveal the US deployed 13,600 kg bunker buster bombs from B2 stealth aircraft to target Iran's deeply buried nuclear facilities, including Fordow, considered impregnable even by Israeli advanced weapons, at Israel's request.