യുദ്ധം വിതയ്ക്കുന്ന നാശത്തിന് അതിരുകളില്ല. നിര്‍മിതബുദ്ധിയുടെ കാലത്തെ യുദ്ധതന്ത്രങ്ങള്‍ കണിശതയുള്ളതും തന്ത്രപ്രധാനലക്ഷ്യങ്ങളെ മാത്രം ഉന്നം വയ്ക്കുന്നതുമായതിനാല്‍ ആള്‍നാശം കുറയുമെന്നാണ് പൊതുവേയുള്ള വാദം. എത്ര കണിശത അവകാശപ്പെട്ടാലും നഷ്ടത്തിന്‍റെ കണക്കുകള്‍ നിരത്തിത്തന്നെയാകും യുദ്ധവിജയങ്ങള്‍ ആഘോഷിക്കപ്പെടുക. ആയുധങ്ങള്‍ മുന്‍നിര്‍ത്തി വന്‍ശക്തികള്‍ പോര്‍വിളി നടത്തിയ ശീതയുദ്ധകാലത്ത് ആള്‍നാശമുണ്ടായില്ലെങ്കിലും യുദ്ധസമ്മര്‍ദം അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നു. ആയുധശേഷി മുന്‍നിര്‍ത്തി പരസ്പരം വെല്ലുവിളിച്ച ശീതയുദ്ധകാലത്ത് പിറവികൊണ്ടതാണ് ഇന്ന് പോര്‍മുഖത്ത് ചരിത്രം കുറിക്കുന്ന പല പടക്കോപ്പുകളും.
കൃത്യതയിലൂന്നിയതാണ് പുതിയ യുദ്ധതന്ത്രം. സിവിലയന്‍ മേഖകളെ ഒഴിവാക്കി തന്ത്രപ്രധാനകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം. ആണവകേന്ദ്രങ്ങള്‍, വ്യോമതാവളങ്ങള്‍, പട്ടാളകേന്ദ്രങ്ങള്‍, ആയുധസംഭരണകേന്ദ്രങ്ങള്‍ തുടങ്ങിയവയാകും മുഖ്യലക്ഷ്യം. അതിനുപയോഗിക്കുന്ന പ്രധാന ആയുധം മിസൈലുകളും. ഇറാനെതിരായ ഇസ്രയേലിന്‍റെ ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ ആക്രമണങ്ങളുടെ കുന്തമുനയും മിസൈലുകളും ഡ്രോണുകളും തന്നെ. ഇറാന്‍ തിരിച്ചടിച്ചതാകട്ടെ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലുകള്‍ കൊണ്ടും. ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍റെ റവല്യുഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലാമിയും സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഉള്‍പ്പടെ ഏഴ് ഉന്നത ഉദ്യോഗസ്ഥരും ആണവപരിപാടിക്ക് നേതൃത്വം നല്‍കിവന്ന ആറ് ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ആദ്യത്തെ അടിയുടെ ആത്മവിശ്വാസം പക്ഷേ അധികം നീണ്ടു നിന്നില്ല. ഇറാനെ കുറച്ചുകണ്ട ഇസ്രയേലിന് പിഴച്ചു . അയണ്‍ഡോം അടക്കം പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകള്‍ ടെല്‍ അവീവിന്‍റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചു . ഇറാന്‍റെ കയ്യിലും പിടയ്ക്കുന്ന ആയുധങ്ങളുണ്ടെന്ന് ബോധ്യപ്പെട്ട നിമിഷം.
എന്താണ് ബാലിസ്റ്റിക് മിസൈലുകള്‍?
1991-ലെ ഗള്‍ഫ് യുദ്ധകാലം. കുവൈറ്റിലെ എണ്ണ–പ്രകൃതിവാതക നിക്ഷേപത്തില്‍ ആര്‍ത്തിപൂണ്ട് ഇറാഖ് പ്രസിഡന്‍റായിരുന്ന സദ്ദാം ഹുസൈന്‍ കുവൈറ്റിനെ ആക്രമിച്ചു. തിരിച്ചടിച്ചത് അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികള്‍ ഒരുമിച്ചായിരുന്നു. തലസ്ഥാനമായ ബാഗ്ദാദിലടക്കം തീമഴ പെയ്യിച്ച വ്യോമാക്രമണം. ചെറുത്തു നില്‍ക്കാനാകാതെ ഇറാഖ് റഷ്യന്‍വേരുകളുള്ള ബാലിസ്റ്റിക് മിസൈല്‍ സ്കഡ് സഖ്യസേനയ്ക്ക് നേരെ തൊടുത്തു. ശീതസമരകാലത്ത് ആവിഷ്കരിച്ച യുദ്ധതന്ത്രങ്ങളുടെ പരീക്ഷണകാലം കുടിയായിരുന്നു അത്. റഡാറുകള്‍ ഭേദിച്ച് ലക്ഷ്യം തകര്‍ക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പ്രഹരം യുഎസ് അക്രമണങ്ങളുടെ മുനയൊടിക്കുമെന്ന് പ്രതീക്ഷിച്ച ഇറാഖിന് പക്ഷേ തെറ്റി. യുഎസും കൂട്ടരും സജ്ജമാക്കിയ വ്യോമപ്രതിരോധ സംവിധാനം പേട്രിയറ്റ് മിസൈലുകളുപയോഗിച്ച് സ്കഡ് ആക്രമണത്തെ തകര്‍ത്തു. സഖ്യകക്ഷികളുടെ വിജയത്തോടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും അവയെ ഭേദിക്കാന്‍ കഴിയുന്ന ഹ്രസ്വ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ക്കും ഡിമാന്‍ഡ് കുതിച്ചുകയറി. ഗള്‍ഫ് യുദ്ധം കഴിഞ്ഞ് 35 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയടക്കം 20 രാജ്യങ്ങളുടെ പക്കല്‍ ഇപ്പോള്‍ ബാലിസ്റ്റിക് മിസൈലുകളുണ്ട്. അഗ്നി, പൃഥ്വി അടക്കം അയല്‍രാജ്യങ്ങള്‍ തൊട്ട് ഭൂഖണ്ഡാന്തര ശത്രുവിനെ വരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകളാണ് ഇന്ത്യയ്ക്കുള്ളത്.
ബാലിസ്റ്റിക് മിസൈലുകൾ ക്രൂസ് മിസൈലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ബാലിസ്റ്റിക് മിസൈല്‍ റോക്കറ്റിന് സമാനമായി കുതിച്ചുയരുകയും പിന്നീട് ഗുരുത്വാകര്‍ഷണത്തിന്‍റെ സഹായത്തോടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് പോര്‍മുന വീഴ്ത്തുകയും ചെയ്യും. ചിലപ്പോള്‍ അന്തരീക്ഷത്തിന് പുറത്തേക്കും ഇവയുടെ പാത നീളുന്നു. ദീര്‍ഘദൂരം താണ്ടുന്നതിന് ഈ സഞ്ചാരപാത അനുയോജ്യമാണ്. ഇന്ധനം തീർന്നുകഴിഞ്ഞാൽ പിന്നെ മിസൈലിന്‍റെ ദിശ മാറ്റാൻ കഴിയില്ല. അതിന്‍റെ വിക്ഷേപണ വേഗവും ഭൂമിയിലേക്ക് അതിനെ തിരികെ വലിക്കാൻ ശ്രമിക്കുന്ന ഗുരുത്വാകർഷണബലവുമാണ് അന്തിമഘട്ടത്തിലെ സഞ്ചാരം നിര്‍ണയിക്കുക. ഒടുവിൽ, ഗുരുത്വാകർഷണം മിസൈലിനെയും അതിന്‍റെ പേലോഡിനെയും (സ്ഫോടകവസ്തുവോ രാസായുധമോ ജൈവായുധമോ ആണവായുധമോ ആകാം) ലക്ഷ്യത്തിലേക്ക് നയിക്കുന്നു. ഭൂഖണ്ഡങ്ങള്‍ താണ്ടി ലക്ഷ്യസ്ഥാനം തേടിപ്പോകുന്നവയാണ് ഇന്‍റര്‍ കോണ്ടിനന്‍റല്‍ ബാലിസ്റ്റിക് മിസൈലുകള്‍. തൊടുത്തുവിട്ടാല്‍ അതിവേഗം ലക്ഷ്യസ്ഥാനത്ത് പതിക്കുമെന്നതിനാല്‍ കണ്ടെത്താനും തകര്‍ക്കാനും പ്രയാസം. ശക്തമായ റോക്കറ്റ് എഞ്ചിനുകൾ ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഈ മിസൈലുകൾ അവിശ്വസനീയമാംവിധം ഉയർന്ന വേഗത്തിൽ അന്തരീക്ഷത്തിന് മുകളിലേക്കോ, വേണ്ടിവന്നാൽ ബഹിരാകാശത്തേക്കോ കുതിച്ചുയരും.
ക്രൂസ് മിസൈലുകള്‍ വിമാനങ്ങളെപോലെ പറക്കുന്നവയാണ്. സഞ്ചാരം വായുവിലൂടെ തന്നെ. റോക്കറ്റ് പ്രൊപ്പല്ലന്റ് കാരണം താരതമ്യേന നേർരേഖയിലും താഴ്ന്ന ഉയരത്തിലും പറക്കുന്നു. ഒരു ബാലിസ്റ്റിക് മിസൈലിന്‍റെ പറക്കൽ പാത മുകളിലേക്കും താഴേക്കും ഒരു വലിയ ആർക്ക് പോലെയാണെന്ന് കരുതാം. അതേസമയം ഒരു യുദ്ധക്കപ്പലിൽ നിന്ന് തൊടുത്തുവിടുന്ന ക്രൂസ് മിസൈലിന്‍റേത് ഒരു നേർരേഖയോട് സാമ്യമുള്ളതാണ്. ആധുനിക ക്രൂസ് മിസൈലുകളുടെ സഞ്ചാരപാത, വിക്ഷേപണത്തിനുശേഷം നാവിഗേഷന്‍ സംവിധാനമുപയോഗിച്ച് മാറ്റാം. ക്രൂസ് മിസൈലുകളേക്കാള്‍ ആക്രമണശേഷിയും ചടുലമായ സഞ്ചാരപാതകളും ബാലിസ്റ്റിക് മിസൈലുകളെ യുദ്ധമുഖത്തെ വജ്രായുധമാക്കുന്നു.
ദൂരപരിധി:
200 കിലോമീറ്ററില്‍ താഴെ - ബാറ്റിൽഫീൽഡ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (BRBM)
1000 കിലോമീറ്റർ വരെ - ഷോർട്ട്-റേഞ്ച് ബാലിസ്റ്റിക് മിസൈൽ (SRBM)
1000 മുതല്‍ 3500 കിലോമീറ്റര്‍ വരെ – മീഡിയം/ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈൽ (MRBM/IRBM)
3500 മുതല്‍ 5500 കിലോമീറ്റര്‍ വരെ – ലോങ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (LRBM)
5500 കിലോമീറ്ററിന് മുകളിലുള്ളവ ഇന്‍റകോണ്ടിനന്‍റൽ ബാലിസ്റ്റിക് മിസൈൽ (ICBM)
ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനും മൂന്നുഘട്ടങ്ങളുണ്ട്. റോക്കറ്റ് എഞ്ചിനുകളുടെ സഹായത്തോടെ ഭൗമോപരിതലത്തിൽനിന്ന് ഉയരുന്ന മിസൈൽ കണ്ണടച്ചുതുറക്കുംമുന്‍പ് അന്തരീക്ഷത്തിന് മുകളിലേക്ക് കുതിക്കുന്നതിനെ പവേർഡ് ഫേസ് എന്നുപറയും. മിസൈലിന്‍റെ ലക്ഷ്യത്തിലേക്കുള്ള ദൂരമനുസരിച്ചായിരിക്കും റോക്കറ്റ് എഞ്ചിനുകളുടെ കുതിപ്പ്. എഞ്ചിനിലെ ഇന്ധനം കത്തിത്തീരുന്ന ഘട്ടമാണ് മിഡ് കോഴ്സ് ഫേസ്. ഉയരത്തിലേക്ക് എടുത്തെറിഞ്ഞ പന്തുപോലെയായിരിക്കും പിന്നീട് മിസൈലിന്‍റെ പ്രയാണം. ബാലിസ്റ്റിക് ഘട്ടം എന്നും ഈ ഘട്ടത്തെ വിളിക്കുന്നു. ബാലിസ്റ്റിക് കുതിപ്പ് പതിയെ കുറയുന്നതോടെ ഗുരുത്വാകർഷണബലത്തിന്‍റെ ഫലമായി അതിവേഗം താഴ്ന്നിറങ്ങുകയും ലക്ഷ്യസ്ഥാനത്ത് പതിക്കുകയും ചെയ്യും. ഇതിനെ റീ-എൻട്രി എന്നാണ് പറയുക.
ബാലിസ്റ്റിക് മിസൈലിന്‍റെ വേഗം
മണിക്കൂറില്‍ ആയിരക്കണക്കിന് കിലോമീറ്റർ വേഗത്തിലാണ് ബാലിസ്റ്റിക് മിസൈലുകളുടെ സഞ്ചാരം. ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന മിസൈലുകളുടെയും റോക്കറ്റുകളുടെയും വേഗം 'മാക്' (Mach) എന്ന അളവിലാണ് കണക്കാക്കുക. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾക്ക് മാക് 1 വേഗമുണ്ടാവും, അതായത് മണിക്കൂറിൽ ഏകദേശം 1225 കിലോമീറ്റർ. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ മാക് 5-ന് മുകളിൽ വേഗമുള്ളവയാണ്. മണിക്കൂറിൽ 6125 കിലോമീറ്റർ വരെ വേഗം.
ഇറാന്‍റെ ആവനാഴിയില്‍ ഉള്ളത്
ഏത് ശത്രുതാവളത്തിലേക്കും തൊടുത്തുവിടാവുന്ന മിസൈലുകളാണ് ഇറാന്‍റെ ആയുധപ്പുരയിലുള്ളത്. ഇറാനില്‍ നിന്ന് ഇസ്രയേലിലേക്ക് 1300 മുതൽ 1500 കിലോമീറ്റർ ദൂരമുണ്ട്. ഈ ദൂരം പിന്നിടാന്‍ ഇറാന്‍റെ മിസൈലുകള്‍ക്ക് കേവലം 12 മിനിറ്റ് മതി. ക്രൂസ് മിസൈലുകൾക്ക് ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ വേഗം കുറവായതിനാല്‍ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് അതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ എളുപ്പമാണ്. ഉയരത്തിലുള്ള സഞ്ചാരവും വേഗവും ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാൻ സഹായിക്കും. ഷഹാബ് 1, ഷഹാബ് 2 , ഖലീജ് ഫർസ്, ഖിയാം 1, ഷഹാബ് 3 , ഖാദർ 110, ഖുറം ഷഹർ, സിജ്ജിൽ എന്നിവയാണ് ഇറാന്‍റെ പ്രധാന മധ്യ, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കൈവശമുള്ള ബാലിസ്റ്റിക് മിസൈലുകളെല്ലാം ഇസ്രയേലിനുമുണ്ട്. ആണവപോര്‍മുന വഹിക്കാവുന്നതടക്കം മൂവായിരത്തോളം ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരം ഇറാനുണ്ടെന്നാണ് യുഎസിന്‍റെ അനുമാനം. ഇറാന്‍റെ ആണവ സമ്പുഷ്ടീകരണ പരിപാടിക്ക് അന്ത്യം കുറിക്കുന്നതിനൊപ്പം മിസൈല്‍ ശേഖരം തകര്‍ക്കലും ഇസ്രയേലിന്‍റെ ലക്ഷ്യമാണ്.