iran-attack-lady-death

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വിറങ്ങലിച്ച് വടക്കൻ ഇസ്രയേലിലെ പ്രദേശങ്ങള്‍. ശക്തമായ ആക്രമണത്തില്‍  ഇരുപതില്‍ അധികം പേർക്ക് പരുക്കേറ്റു. ഇതിൽ 3 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപ്രതീക്ഷിത മിസൈലാക്രമണത്തെ തുടര്‍ന്ന് കർമിയേലിലെ ഒരു ഷെൽട്ടറിൽ 51കാരി ഹൃദയാഘാതം വന്ന് മരിച്ചു. 

സംഘർഷത്തിൽ നയതന്ത്ര പരിഹാരം ലക്ഷ്യമിട്ട്  ഇറാൻ വിദേശകാര്യമന്ത്രി അറഗ്ചിയും യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാരും തമ്മില്‍ ജനീവയില്‍  ചർച്ച നടത്തവേയാണ് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.  ഫ്രാൻസ്, ഇറാൻ, യുകെ, ജർമനി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവിയുമാണ് ചർച്ചയിൽ പങ്കെടുത്തത്. 

ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേലും അവകാശപ്പെടുന്നു.  ഇതിനിടെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് രാജ്യാന്തര ആണവോർജ ഏജൻസിതലവൻ റഫാൽ ഗ്രോസി മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. 

ഇറാന്‍റെ ആക്രമണത്തെ പ്രതിരോധിക്കാനായി ഇസ്രയേലിന് ഒറ്റ ദിവസത്തേക്കുള്ള സൈനിക ചെലവ് 725 മില്യണ്‍ ഡോളറാണെന്നാണ് കണക്ക്. ആദ്യ രണ്ട് ദിവസം മാത്രം 1.45 ബില്യണ്‍ ഡോളറാണ് ഇസ്രയേല്‍ ചിലവാക്കിയത്. ഇതിൽ 593 മില്യൺ ഡോളർ വിമാനങ്ങള്‍ പറക്കുന്നതിനും യുദ്ധോപകരണങ്ങള്‍ ഉൾപ്പെട്ട ചിലവുകള്‍ക്കുമാണ്. 

ബാക്കി തുക മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും റിസർവ് സൈനികരെ ഒരുക്കല്‍ തുടങ്ങിയ പ്രതിരോധ ചെലവുകൾക്കായാണ്. ഇറാനെ നേരിടാന്‍ ഇസ്രായേൽ മിസൈൽ പ്രതിരോധത്തിനായി ഓരോ രാത്രിയും 285 മില്യൺ ഡോളർ ചെലവാക്കുന്നു എന്നാണ് ഇസ്രായേലി സാമ്പത്തിക പ്രസിദ്ധീകരണമായ ദി മാർക്കറിൻ്റെ റിപ്പോർട്ട്. 

ENGLISH SUMMARY:

Carmiel Tragedy: 51-Year-Old Woman Dies of Cardiac Arrest Amid Missile Sirens. According to MDA, during the sirens in Carmiel, a 51-year-old woman collapsed in a shelter, suffered cardiac arrest and after resuscitation efforts by MDA personnel, her death was pronounced. In total, three people were seriously injured in the barrage from Iran and 18 were lightly wounded.