Representations of cryptocurrency Binance are seen in front of displayed Nobitex logo and Iran flag in this illustration taken November 3, 2022. REUTERS/Dado Ruvic/Illustration Dado Ruvic/Reuters
ഇറാന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സെഫാ ബാങ്ക് ഹാക്ക് ചെയ്ത് രേഖകളെല്ലാം കൈക്കലാക്കിയതിന് പിന്നാലെ 90 മില്യണ്‍ ഡോളറിന്‍റെ (ഏകദേശം 800 കോടിയോളം രൂപ) ക്രിപ്റ്റോ പണവും കൊള്ളയടിച്ച് ഇസ്രയേല്‍. ഇസ്രയേലിന്‍റെ സൈബര്‍ അറ്റാക്കര്‍മാരായ 'പ്രിഡേറ്ററി സ്പാരോ'യെന്ന ഗ്രൂപ്പാണ് സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇറാന്‍റെ ഏറ്റവും ബൃഹത്തായ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചിനെയാണ് നടപടി ബാധിച്ചതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍–ഇറാന്‍ സൈനിക സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് സൈബര്‍ രംഗത്തും ആക്രമണം ഉണ്ടാകുന്നത്.
FILE PHOTO: A nameplate is seen outside the Bank Sepah International office in the City of London, July 30, 2007. REUTERS/Stephen Hird/File Photo
പേര്‍ഷ്യന്‍ ഭാഷയിലുള്ള സമൂഹമാധ്യമക്കുറിപ്പിലാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹാക്കര്‍മാര്‍ ഏറ്റെടുത്തത്. ഇറാനിയന് ക്രിപ്റ്റോ എക്സ്ചേഞ്ചായ നോബിടെക്സ് ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്നും രാജ്യാന്തര പണമിടപാടുകളെ വെട്ടിച്ച് പണം കടത്തിയിരുന്ന മാര്‍ഗമായിരുന്നു നോബിടെക്സെന്നും ഹാക്കര്‍മാര്‍ ആരോപിക്കുന്നു. ഇറാനില്‍ നിന്നും കൈക്കലാക്കിയ 90 മില്യണ്‍ യുഎസ് ഡോളറിന്‍റെ ക്രിപ്റ്റോ പണവും ഇറാന് ഉപയോഗിക്കാന്‍ കഴിയാത്ത ഡിജിറ്റല്‍ വാലറ്റുകളിലേക്ക് ഹാക്കര്‍മാര്‍ മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം.
ആക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ച നോബിടെക്സ്, മുന്‍കരുതലെന്ന നിലയില്‍ നിക്ഷേപകരുടെ ക്രിപ്റ്റോ ഇടപാടുകള്‍ റദ്ദാക്കിയിരിക്കുകയാണെന്ന് അറിയിച്ചു. ക്രിപ്റ്റോ ട്രാക്കിങ് കമ്പനികളായ എലിപ്റ്റികും ടിആര്‍എം ലാബും , നോബിടെക്സിന് നേരെയുണ്ടായ സൈബര്‍ ആക്രമണം സ്ഥിരീകരിച്ചു. കവര്‍ന്നെടുത്ത പണം വാലറ്റുകളിലേക്കും മറ്റ് ക്രിപ്റ്റോ അക്കൗണ്ടുകളിലേക്കും മാറ്റിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ഇറാന്‍ സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ബാങ്കായ സെഫയ്ക്ക് നേരെ പ്രിഡേറ്ററി സ്പാരോയുടെ തന്നെ സൈബര്‍ ആക്രമണം ഉണ്ടായത്. ബാങ്കിന്‍റെ എല്ലാ വിവരങ്ങളും ഹാക്കര്‍മാര്‍ നശിപ്പിച്ച് കളഞ്ഞു. ഇറാന്‍റെ സൈന്യത്തിന് ഫണ്ടെത്തുന്ന ബാങ്ക് വഴിയാണെന്ന് ആരോപിച്ചായിരുന്നു ഈ ആക്രമണം. പിന്നാലെ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാനോ പണം എടുക്കാനോ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായത്. ഗവണ്‍മെന്‍റ് ബാങ്കുകള്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണം വന്‍തോതില്‍ വിശ്വാസ്യത ഇടിക്കുമെന്നും ആഭ്യന്തര കലാപത്തിനടക്കം വഴി വയ്ക്കുമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു.