ഹിജ്റ പുതുവർഷം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ജൂൺ 27, വെള്ളിയാഴ്ച ശമ്പളത്തോടുകൂടിയുള്ള അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഇതോടെ ശനിയും ഞായറും അവധിയുള്ളവർക്ക് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഹിജ്റ 1447 AH വർഷത്തിന്റെ ആരംഭം കുറിച്ചുകൊണ്ടാണ് ഈ അവധി.
നേരത്തെ, ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പൊതുമേഖലയ്ക്ക് ഇതേ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് സമാനമായാണ് സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തുല്യമായ അവധികൾ ഉറപ്പാക്കുന്ന ഏകീകൃത അവധി നയം നിലവിലുണ്ട്.
ഹിജ്റ കലണ്ടർ ചാന്ദ്ര മാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കലണ്ടറിലെ ആദ്യ മാസമായ മുഹറത്തിന്റെ ആദ്യ ദിവസമാണ് പുതുവർഷം ആരംഭിക്കുന്നത്.