ഹൈഫ തുറമുഖം (ഫയല്‍ ചിത്രം)
ഇസ്രയേലിലെ ഹൈഫ തുറമുഖം സുരക്ഷിതമാണെന്ന് തുറമുഖത്തിന്റെ ചുമതലയുള്ള അദാനി കമ്പനി അറിയിച്ചു. ഇസ്രയേലിൽ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഹൈഫ തുറമുഖത്തിന് സമീപം ഇറാന്റെ മിസൈൽ ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.
ഹൈഫ തുറമുഖത്തെയും സമീപത്തെ എണ്ണശുദ്ധീകരണശാലയെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തുറമുഖത്തിന്റെ കെമിക്കൽ ടെർമിനലിൽ മിസൈലിന്റെ ചീളുകൾ പതിച്ചെങ്കിലും കാര്യമായ അപകടം ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ മിസൈലിന്റെ ഭാഗങ്ങളും തുറമുഖത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നും ചരക്ക് നീക്കം സുഗമമായി നടക്കുന്നുണ്ടെന്നും തുറമുഖ വൃത്തങ്ങൾ അറിയിച്ചു. മിസൈലിന്റെ ഭാഗങ്ങൾ തുറമുഖത്തിന് സമീപം വീണെങ്കിലും പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്ന് അദാനി കമ്പനി വ്യക്തമാക്കി.