യുഎഇയിലെ ഏകീകൃത പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷാ ക്രമക്കേടുകൾ നടത്തുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കും. ലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായ ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിക്കൊണ്ട് വിശദമായ മാർഗനിർദ്ദേശങ്ങൾ മന്ത്രാലയം പുറത്തിറക്കി.
ആദ്യമായി ക്രമക്കേട് നടത്തുന്ന വിദ്യാർഥിക്ക് 12 ബിഹേവിയർ മാർക്കുകൾ കുറയ്ക്കും. കോപ്പിയടി കണ്ടുപിടിച്ചാല്‍ ആ വിഷയത്തിന് മാര്‍ക്കൊന്നും ലഭിക്കില്ല. കൂടാതെ ആ വിഷയത്തിന്റെ മേക്ക്-അപ്പ് പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. നിയമലംഘനം ആവർത്തിച്ചാൽ, അധിക 12 ബിഹേവിയർ മാർക്കുകൾ കുറയ്ക്കുന്നതിനൊപ്പം എല്ലാ വിഷയങ്ങൾക്കും പൂജ്യം മാർക്കും എല്ലാ മേക്ക്-അപ്പ് പരീക്ഷകളിൽ നിന്നും സ്ഥിരമായ വിലക്കും നേരിടേണ്ടിവരും. മൂന്നാം ടേം അന്തിമ പരീക്ഷകളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്താനും മൂല്യനിർണയ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാനും സാങ്കേതിക ടീമുകൾ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ സജീവമായി നിരീക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു.പുതുതായി പുറത്തിറക്കിയ 'അക്കാദമിക് ഇന്റഗ്രിറ്റി ആൻഡ് എക്സാം മിസ്കണ്ടക്ട് മാനുവൽ 2024–2025' പരീക്ഷാ ക്രമക്കേടുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മന്ത്രാലയം സ്വീകരിക്കുന്നത്. ചോദ്യ ചോര്‍ച്ച തടയാനും ഉത്തരങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് ഉറപ്പാക്കാനും ഇലക്ട്രോണിക് പരീക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളുകളിലേക്ക് കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും, വിദ്യാർഥികൾ പരീക്ഷാ സമയത്തിന് മുൻപ് എത്തണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി. ഈ നിയമങ്ങൾ പാലിച്ച് തങ്ങളുടെ കുട്ടികളുടെ അക്കാദമിക് ഭാവിയെ സംരക്ഷിക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അഭ്യർത്ഥിച്ചു.