ഇറാനെ ആക്രമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് ഫോണ്‍ സംഭാഷണത്തില്‍ നെതന്യാഹുവിനോട് മോദി അഭ്യര്‍ഥിച്ചു. പ്രശ്ന പരിഹാരത്തിന് നയതന്ത്ര മാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്നും പിന്തുണ നല്‍കാന്‍ തയാറെന്നും വിദേശകാര്യമന്ത്രാലയവും നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. ഇറാനും തിരിച്ചടി തുടങ്ങിയതോടെ സംഘര്‍ഷം രൂക്ഷമാകുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇറാനിലെയും ഇസ്രയേലിലെയും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രങ്ങള്‍ ഒഴിവാക്കണമെന്നും സ്ഥാനപതി കാര്യാലയങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കണമെന്നും വിദേശകാര്യമന്ത്രാലയം അഭ്യര്‍ഥിച്ചു.
ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായും 329 പേർക്ക് പരുക്കേറ്റതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനവാസകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതായി ഇറാൻ ആരോപിച്ചു. 'ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്ന പേരിൽ ഇറാന്റെ സൈനിക ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ പുലർച്ചെയുള്ള വ്യോമാക്രമണം. ആണവ കേന്ദ്രങ്ങൾ, ബാലിസ്റ്റിക് മിസൈൽ ഫാക്ടറികൾ, സൈനിക കേന്ദ്രങ്ങൾ എന്നിവയാണ് ആക്രമിച്ചതെന്ന് നെതന്യാഹു സ്ഥിരീകരിച്ചു. സൈനിക മേധാവിമാരും ആറ് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ 100 ഡ്രോണുകളുപയോഗിച്ച് പ്രത്യാക്രമണം നടത്തിയതായും വിവരമുണ്ട്. ആണവകരാറിന് തയ്യാറായില്ലെങ്കിൽ വീണ്ടും ഇറാന് നാശമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. അതേസമയം, ഇസ്രയേലിന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളിലെയും എംബസികൾ അടച്ചിടാൻ ഇസ്രയേൽ തീരുമാനിച്ചിട്ടുണ്ട്.