shahid-afridi

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത പാക്ക് ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി ദുബായില്‍ മലയാളി സംഘടനയുടെ ചടങ്ങില്‍. കൊച്ചിന്‍ യൂണിവേഴ്സിറ്റി ബിടെക് അലുമ്നി അസോസിയേഷന്‍ നടത്തിയ പരിപാടിയിലാണ് അഫ്രീദിയും ഉമര്‍ ഗുലും പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.

അഫ്രീദി പരിപാടിയില്‍ പങ്കെടുത്ത വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. അഫ്രീദി മുന്‍ സഹതാരമായ ഉമർ ഗുലിനൊപ്പം വേദിയിൽ എത്തുമ്പോള്‍ "ബൂം ബൂം" എന്ന വിളിപ്പേരോടെയാണ് സ്വീകരിക്കുന്നത്. കേരളത്തെയും പ്രശംസിച്ച് സംസാരിച്ച അഫ്രീദി കേരളത്തിലെ ഭക്ഷണരീതികളെ പറ്റിയും തന്‍റെ ചെറുപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം വിമര്‍ശനം രൂക്ഷമായതോടെ സംഭവത്തിൽ ക്ഷമാപണം നടത്തി സംഘാടകര്‍ രംഗത്തെത്തി. 

വിളിക്കാതെയാണ് അഫ്രീദി പരിപാടിക്കെത്തിയതെന്നാണ് അസോസിയേഷന്‍റെ വാദം. അഫ്രീദി സമീപത്തെ വേദിയിൽ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നെന്നും ക്ഷണിക്കാതെ പരിപാടിക്കെത്തുകയുമായിരുന്നു എന്നും സംഘാടകര്‍ വ്യക്തമാക്കി.

'മേയ് 25 ന് അസോസിയേഷന്‍റെ പരിപാടി നടന്ന ദിവസം തന്നെ യുഎഇയിലെ ഏറ്റവും വലിയ പതാകയ്ക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡിന്‍റെ പരിപാടിക്കായി അഫ്രീദിഓഡിറ്റോറിയത്തിലുണ്ടായിരുന്നു. പരിപാടി അവസാനിച്ചപ്പോള്‍ മുൻകൂട്ടി അറിയിക്കാതെയും ക്ഷണിക്കാതെയുമാണ് ഇരുവരും വേദിയിലെത്തിയത്' എന്നാണ് വിശദീകരണത്തിലുള്ളത്. 

ഇന്ത്യ– പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് വളരെ മുന്‍പുതന്നെ പരിപാടിക്കായി പാക്കിസ്ഥാൻ അസോസിയേഷനില്‍ ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നുവെന്നും സംഘാടകര്‍ വ്യക്തമാക്കി. പരിപാടി നടക്കുന്ന സമയത്ത് സംഘര്‍ഷം അയഞ്ഞിരുന്നതായും പെട്ടന്ന് പുതിയ വേദി ലഭിക്കാത്തതിനാല്‍ ഇതേസ്ഥലത്ത് പരിപാടി നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സംഘാടകര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പങ്കെടുത്തവര്‍ക്കുണ്ടായ വേദനയില്‍ ഖേദിക്കുന്നു എന്നും സംഘാടകര്‍ വ്യക്തമാക്കി. 

ഇന്ത്യ– പാക്ക് സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയ്ക്കെതികെ അഫ്രീദി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നുവെന്നും അഫ്രീദി പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Pakistani cricketer Shaheed Afridi, known for his controversial stance against India, attended a Malayali alumni event in Dubai organized by Cochin University B.Tech Alumni Association. The presence of Afridi and Umar Gul triggered widespread criticism after the event video surfaced online. The organizers clarified that Afridi was invited from a nearby hall where a Pakistan Association event was held.