ഹോളിവുഡ് സൂപ്പർ താരം അർണോൾഡ് ഷ്വാസ്നെഗറുടെ ഉരുക്കുപോലെ ഉറച്ച ശരീരം, അതായിരുന്നു ആലപ്പുഴ തോട്ടപ്പള്ളിക്കാരൻ മണിക്കുട്ടൻ തന്റെ പതിനഞ്ചാം വയസ്സിൽ ജിമ്മിൽ പോകുമ്പോൾ സ്വന്തമാക്കണമെന്നാഗ്രഹിച്ച രൂപം. ജിമ്മിലാണ് തുടക്കമെങ്കിലും പിന്നീട് അത് പവർ ലിഫ്റ്റിംഗിന്റെ ലോകത്തേക്ക് അവനെ നയിച്ചു. അവിടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കി . ഇന്ന് യു എ ഇ യുടെ പവർമാൻ എന്നറിയപ്പെടുന്ന മണിക്കുട്ടന് പ്രായം 63 ആണ്.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മെഡലുകൾ വാരിക്കൂട്ടിയ മണിക്കുട്ടൻ 1997-ൽ യുഎഇയുടെ മണ്ണിലെത്തുമ്പോൾ, അതൊരു പുതിയ യാത്രയുടെ തുടക്കമായിരുന്നു. ജിം ട്രെയിനറായി എത്തിയ ഈ മലയാളി, തന്റെ അർപ്പണബോധം കൊണ്ടും കഠിനാധ്വാനം കൊണ്ടും വളരെ പെട്ടെന്ന് തന്നെ പ്രാദേശിക സമൂഹത്തിന്റെ പ്രിയങ്കരനായി മാറി. ചിലപ്പോൾ സ്വന്തം ശിഷ്യന്മാർക്ക് പ്രചോദനം നൽകുന്ന കോച്ച്, മറ്റു ചിലപ്പോൾ എതിരാളികളുടെ പേടിസ്വപ്നമായ മത്സരാർത്ഥി. അങ്ങനെ മാസ്റ്റേഴ്സ് കാറ്റഗറിയിൽ 'ചാമ്പ്യന്മാരിൽ ചാമ്പ്യൻ' എന്നറിയപ്പെടുന്ന 'പവർ മാൻ ഓഫ് യുഎഇ' പട്ടം എട്ട് തവണ സ്വന്തമാക്കി ചരിത്രം രചിച്ചു.
യുഎഇക്ക് വേണ്ടി നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയക്കൊടി പാറിച്ചെങ്കിലും, അബുദാബിയിൽ നടന്ന മാസ്റ്റേഴ്സ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലെ സ്വർണ്ണമെഡൽ മണിക്കുട്ടന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. ഓരോ തവണ മെഡൽ വാങ്ങുമ്പോഴും യുഎഇയുടെ ദേശീയഗാനം കേൾക്കുന്നത് അഭിമാനമാണ് എങ്കിലും , ഇന്ത്യൻ ദേശീയഗാനം ഇതുപോലെ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന സങ്കടവും മണിക്കുട്ടൻ മറച്ചുവെക്കുന്നില്ല.അറുപത്തിമൂന്നാം വയസ്സിലും "വ്യായാമമാണ് ജീവിതം" എന്ന് ഉറച്ചു വിശ്വസിക്കുന്ന അദ്ദേഹം തന്റെ ചിട്ടയായ ജീവിതശൈലിയെക്കുറിച്ച് വാചാലനായി . ഒപ്പം എല്ലാരോടുമായി ചെറിയ ഉപദേശവും
ഭാര്യ ജ്യോതിയും ഒരു കാലത്ത് പവർ ലിഫ്റ്റിംഗ് രംഗത്ത് സജീവമായിരുന്നു . മകൻ അശ്വന്ത് ഇന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരു പവർ ലിഫ്റ്റിംഗ് കോച്ചാണ്. മകൾ അശ്വതിക്ക് പക്ഷെ ഫോട്ടോഗ്രഫിയിലാണ് കമ്പം. പ്രായം വെറുമൊരു സംഖ്യയാണെന്ന് തെളിയിക്കുന്ന ഈ ഉരുക്കു മനുഷ്യൻ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള പ്രയത്‌നത്തിലാണ്