ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സുമാരായ മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. കുവൈത്തിൽ വാരാന്ത്യ അവധിയായതിനാൽ നാളെ മാത്രമേ ഔദ്യോഗിക നടപടികൾ ആരംഭിക്കു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ ഇരിട്ടി നടുവിൽ സൂരജ് (40), ഡിഫൻസ് ആശുപത്രിയിൽ നഴ്സായ ഭാര്യ മണ്ണൂർ കൂഴൂർ കട്ടക്കയം ബിൻസി (35) എന്നിവരെയാണ് വ്യാഴാഴ്ച അവർ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also: വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തി; കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
വഴക്കിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ കുത്തിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്. ബിൻസിയെ കൊന്ന ശേഷം സൂരജ് ആത്മഹത്യ ചെയ്തതായാണ് ആദ്യ ഘട്ടത്തിൽ പുറത്തു വരുന്ന വിവരം. ഇതു സംബന്ധിച്ച് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നതേയുള്ളു. ബിൻസിയുടെ മരണ ശേഷം ബിൻസിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങൾ സൂരജ് അയച്ചതായി റിപ്പോർട്ടുണ്ട്. ഇതിൽ നിന്നാണ് ബിൻസിയെ കൊന്ന ശേഷം സൂരജ് ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലേക്ക് എത്തിയത്.
പാർപ്പിട സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്. പതിവ് പരിശോധനകളുടെ ഭാഗമായി ഫ്ലാറ്റുകളുടെ മുന്നിലൂടെ നടന്നു പോകവെയാണ് കൊലപാതകം നടന്ന ഫ്ലാറ്റ് ശ്രദ്ധയിൽപ്പെട്ടത്. ഇവിടെ താമസിക്കുന്നവർ തമ്മിൽ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപവാസികൾ പബ്ലിക് പ്രോസിക്യൂഷനു മൊഴി നൽകി. പേടി കാരണമാണ് പ്രശ്നത്തിൽ ഇടപെടാതിരുന്നതെന്നും പൊലീസിനെ അറിയിക്കാതിരുന്നതെന്നും സമീപവാസികൾ പറഞ്ഞതായി കുവൈത്തിലെ പ്രാദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ ജലീബ് അൽ ഷുയൂഖ് എന്ന സ്ഥലത്താണ് സംഭവം. സെക്യൂരിറ്റി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി പലതവണ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന്, പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ പൊളിച്ച് ഉള്ളിൽ കടക്കുകയായിരുന്നു. ആദ്യം കണ്ടത് ബിൻസിയുടെ ശരീരമാണ്. ഞരമ്പ് മുറിച്ചതിനെ തുടർന്നു ചോരയിൽ കുളിച്ച നിലയിൽ ഹാളിലാണ് ബിൻസിയുടെ ശരീരം കിടന്നിരുന്നത്. തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ സൂരജിനെ കണ്ടത്. ഭാര്യയെ കൊന്ന ശേഷം സൂരജ് ആത്മഹത്യ ചെയ്തതായാണ് പബ്ലിക് പ്രോസിക്യൂഷന്റെ ആദ്യ നിഗമനം.
നൈറ്റ് ഡ്യൂട്ടി ശേഷം സൂരജ് മടങ്ങി എത്തിയതിനു ശേഷമാണ് സംഭവങ്ങൾ. സംഭവ സ്ഥലം ഫൊറൻസിക് വിദഗ്ധർ പരിശോധിച്ചു. വിരലടയാളം ഉൾപ്പടെ തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. വിശദമായ അന്വേഷണത്തിനു അധികൃതർ ഉത്തരവു നൽകി. ബിൻസിയുടെയും സൂരജിന്റെയും മക്കൾ നാട്ടിലാണ് പഠിക്കുന്നത്. അവധിയായതിനാൽ കഴിഞ്ഞ മാസം കുട്ടികളെ കുവൈത്തിൽ എത്തിച്ചിരുന്നു. കുട്ടികളെ തിരികെ നാട്ടിലാക്കിയ ശേഷം 4 ദിവസം മുൻപാണ് സൂരജ് നാട്ടിൽ നിന്നു മടങ്ങിയത്. ഇവർ കുടുംബമായി ഓസ്ട്രേലിയിലേക്കു കുടിയേറാൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നതായും അറിയുന്നു. മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കാനാണ് ശ്രമം.