തൊഴിലാളി ദിനത്തിൽ ജീവനക്കാര്‍ക്കായി വിദേശയാത്ര സംഘടിപ്പിച്ച് യുഎഇയിലെ മലയാളിയുടെ നിർമ്മാണ കമ്പനി. തിരഞ്ഞെടുത്ത 10 തൊഴിലാളികളുമായി കസാഖിസ്ഥാനിലെ ഷിംബുലാക്കിലേക്കാണ് യാത്രപോയത്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനിയാണ് തൊഴിലാളികൾക്ക് വേണ്ടി യാത്ര ഒരുക്കിയത്.
കൊടും ചൂടിൽ നിന്ന് തണുപ്പിന്റെ തീരത്തേക്ക് ഒരു യാത്ര .സിനിമകളിൽ മാത്രം കണ്ടിട്ടുള്ള മഞ്ഞുമലകൾ, നേരിൽ കണ്ടപ്പോൾ സ്വർഗത്തിൽ എത്തിയത് പോലെയെന്ന് ചിലർ. ഈ സ്ഥലങ്ങൾ സ്വപ്നത്തിൽപ്പോലും കാണാൻ കഴിയാത്ത കാഴ്ചയായിരുന്നെന്ന് മറ്റു ചിലര്‍. ആയിരക്കണക്കിന് തൊഴിലാളികളിൽ നിന്ന് കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ച നിര്‍മാണമേഖലയിലെ 10 തൊഴിലാളികളെയാണ് യാത്രക്കായി തിരഞ്ഞെടുത്തത്. മലയാളികളായ നിഷാദ് ഹുസ്സൈനും, ഭാര്യ ഹസീന നിഷാദും നയിക്കുന്ന ഈ കമ്പനി, തൊഴിലാളി ക്ഷേമത്തിനുവേണ്ടി നിരവധി പരിപാടികൾ ഇതിനു മുൻപും നടത്തിയിട്ടുണ്ട്.