വിമാനത്തോടുള്ള അമിതമായ ഭയം കാരണം നാട്ടില്‍ പോകാതെ യുവാവ് കഴിച്ചുകൂട്ടിയത് അഞ്ചു വര്‍ഷങ്ങള്‍.എമിഗ്രേഷന്‍വരെയെത്തി വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് യാത്ര കാന്‍സല്‍ ചെയ്ത് തിരിഞ്ഞോടിയതാകട്ടെ നാലുതവണയും.കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും സംഭവം അല്‍പം സീരിയസാണ്.ഒടുവില്‍ വിമാനത്താവളം അധികൃതരുടെ  ഇടപെടലിലൂടെ യുവാവിനെ നാട്ടിലേക്ക് യാത്രയാക്കി. ദുബായ് എയർപോർട്ട് ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫിസർ അഹമ്മദ് അബ്ദുൽബഖിയാണ് ഈ അസാധാരണ സംഭവം ലോകത്തെ അറിയിച്ചത്.

എക്സില്‍ പങ്കുവെച്ച വിഡിയോയില്‍ അഹമ്മദ് അബ്ദുൽബഖി സംഭവം വിവരിക്കുന്നത് ഇങ്ങനെ; കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു യുവാവ് പരിഭ്രാന്തനായി ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടു.കാര്യമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം വ്യക്തമാകുന്നത്. യുവാവിന്‍റെ സഹോദരന്‍ കഴിഞ്ഞ നാലു തവണയും വിമാനത്തില്‍ കയറാനുള്ള ഭയം കാരണം നാട്ടില്‍പോക്ക് മാറ്റിവയ്ക്കുകയായിരുന്നു. എമിഗ്രേഷൻ വരെയെത്തുന്നതോടെ ശ്വാസം കിട്ടാതെ, പരിഭ്രാന്തി കാട്ടി തിരിച്ചോടുകയായിരുന്നു പതിവ്. ഇത്തവണയും അത് തന്നെ സംഭവിച്ചു. എല്ലാം പൂര്‍ത്തിയായി എമിഗ്രേഷന് വരെയെത്തിയതോടെ യുവാവ് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയോടി.

ഇതോടെ യുവാവിന്‍റെ പേടി മാറ്റാനുള്ള വഴികൾ അഹമ്മദ് അബ്ദുൽബഖി മറ്റു ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചു. അതനുസരിച്ച് ദുബായ് എയർപോർട്ട് ഉദ്യോഗസ്ഥർ യുവാവിന്‍റെ ഭയം മറികടക്കാൻ സഹായിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്തു. യുവാവിന് മാനസികമായ എല്ലാ പിന്തുണയും നല്‍കി, ഭയപ്പെടേണ്ടതില്ലെന്ന് യുവാവിനെ പറഞ്ഞ് ബോധ്യപ്പെടുത്തി. വിമാനത്താവള അധികൃതര്‍ നല്‍കിയ ധൈര്യം കൈമുതലാക്കി യുവാവ് ഒടുവില്‍ തന്‍റെ ഫോബിയയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് വിമാനത്തില്‍ കയറി നാട്ടിലെത്തി.

യുവാവ് നാട്ടിലെത്തിയയുടൻ അദ്ദേഹത്തിന്റെ സഹോദരൻ അഹമദ് അബ്ദുൽ ബാഖിക്ക് നന്ദി പറഞ്ഞ് സന്ദേശമയച്ചു. സഹോദരൻ സുരക്ഷിതനായി നാട്ടിലെത്തിയെന്നും വിമാനത്തിൽ യാതൊരു പ്രശ്നവുമുണ്ടാക്കിയില്ലെന്നും അദ്ദേഹത്തെ അറിയിച്ചു. നിങ്ങൾ എന്റെ സഹോദരനെ സഹായിക്കാനെത്തിയ ദൈവത്തിന്റെ മാലാഖയാണെന്നും പ്രാർഥനയിൽ എപ്പോഴും ഉൾപ്പെടുത്തുമെന്നും സഹോദരൻ സന്ദേശത്തിൽ കുറിച്ചു.

യാത്രക്കാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്ത് അവരെ നല്ല രീതിയിൽ യാത്രയയക്കേണ്ടത് തങ്ങളുടെ കടമയാണെന്നും തങ്ങള്‍ ചെയ്ത് തങ്ങളുടെ ഡ്യൂട്ടിയാണെന്നും അഹമ്മദ് അൽബാഖി പറഞ്ഞു.

ENGLISH SUMMARY:

A man avoided traveling home for five years due to an extreme fear of flying. Despite reaching immigration, he canceled his flight and fled the airport four times. While it may sound amusing, the situation was quite serious. Finally, with the intervention of airport authorities, he was successfully sent home. The unusual incident was shared with the world by Dubai Airport Terminal Service Delivery Duty Officer Ahmed Abdulbaki.