netanyahu-trump

തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലോ അമേരിക്കയോ ആക്രമണങ്ങള്‍ നടത്തിയാല്‍ സമ്പൂര്‍ണ യുദ്ധത്തിലേക്ക് മാറുമെന്ന് ഇറാന്‍.  ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തുന്ന ഏതൊരു മിസൈല്‍ ആക്രമണവും യുഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായി മാറും എന്നാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്. 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇറാന്‍റെ ആണവ കേന്ദ്രങങളെ ആക്രമിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അധികാരം നല്‍കിയെന്ന ആശങ്കകള്‍ക്കിടയിലാണ് ഇറാന്‍റെ മറുപടി. അത്തരമൊരു തെറ്റായ കണക്കുകൂട്ടലിന് അമേരിക്ക മുതിരുമോ എന്ന് സംശയമാണ്. എന്നാല്‍ ആക്രമണമുണ്ടായാല്‍ ഉടനടി ശക്തമായ തിരിച്ചടി ഉണ്ടായിരിക്കും. നേരത്തെ പോലെ പ്രതികരണത്തില്‍ കാലതാമസമുണ്ടാകില്ലെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഖത്തറിലെത്തിയ അരാഗ്ചി അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ആണവ പദ്ധതികള്‍ക്ക് നേരെയുള്ള ഭീഷണികളെ ചെറുതായി കാണുകയാണ് ഇറാന്‍. 'ഭൗതികമായ ഇടങ്ങളില്‍ മാത്രമല്ല ഞങ്ങളുടെ ആണവ ശക്തി നിലനില്‍ക്കുന്നത്. ഇറാന്‍റെ ആണവ ശക്തി ശാസ്ത്രഞ്ജന്‍മാരുടെ മനസിലും അറിവിലുമാണ്. ഇതിനെ വ്യോമാക്രമണത്തിലൂടെ തകര്‍ക്കാന്‍ സാധിക്കില്ല'. ഒന്നോ രണ്ടോ കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇറാന്‍റെ ആണവശക്തി. അവ പലയിടങ്ങളിലായി വ്യാപിച്ചതാണെന്നും ശക്തമാണെന്നും അരാഗ്ചി പറഞ്ഞു. അതോടൊപ്പം ഇറാന്‍റെ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം അത്യാധുനനിക വ്യോമാക്രണങ്ങളെയടക്കം പ്രതിരോധിക്കും. അതിനാല്‍ ആക്രമണം എത്രത്തോളം വിജയകരമാകുന്നുവെന്ന് സംശയമാമെന്നും അദ്ദേഹം പറഞ്ഞു. 

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി അരാഗ്ചി മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഖത്തറില്‍ ഹമാസ് പ്രതിനിധികളെ സന്ദര്‍ശിച്ച അരാഗ്ചി ഗാസയില്‍ പലസ്തീനികള്‍ വിജയം നേടിയതായും പറഞ്ഞു. 

അതേസമയം യുഎസ് പ്രസിഡന്‍റ് ഡോണാള്‍‌ഡ് ട്രംപുമായുള്ള ചര്‍ച്ചയ്ക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിങ്ടണിലെത്തി. ചൊവ്വാഴ്ചയാണ് ട്രംപുമായുള്ള കൂടികാഴ്ച. അതേസമയം വെടിനിര്‍ത്തലിന്‍റെ രണ്ടാംഘട്ട ചര്‍ച്ച സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് ഇസ്രയേല്‍ പ്രതിനിധി സംഘത്തെ അയക്കുമോ എന്നതില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ENGLISH SUMMARY:

Iran warns of a full-scale war if Israel or the US attacks its nuclear facilities. Iran’s Foreign Minister, Abbas Araghchi, calls any missile strike on its nuclear sites the biggest mistake in US history and promises immediate, severe retaliation.