abdul-rahim

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്  സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തില്‍ ഉത്തരവായില്ല. സാങ്കേതിക തടസ്സം മൂലം കേസ് പരിഗണിക്കൂന്നത് റിയാദ് കോടതി നീട്ടിവച്ചു.കോടതിയിലെ മുഴുവന്‍ കേസുകളും മാറ്റിവച്ചെന്ന് റഹീം നിയമ സഹായസമിതി അറിയിച്ചു. 

വധശിക്ഷ റദ്ദാക്കിയതിന് ശേഷം പബ്ലിക് റൈറ്റ്സ് പ്രകാരം മോചന ഹർജി പരിഗണിച്ച കോടതി ഇതടക്കം നാലു തവണയാണ് കേസ് മാറ്റിവച്ചത്. ഇന്ന് അന്തിമ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്റെ കുടുംബവും നിയമ സഹായസമിതി പ്രവർത്തകരും. 

Read Also: പ്രാര്‍ഥന ഫലിച്ചു; 18 വർഷത്തിനുശേഷം അബ്ദുൽ റഹീമിനെ നേരില്‍ കണ്ട് ഉമ്മ

ദിയാധനം കൈപ്പറ്റി മാപ്പ് നൽകാൻ മരിച്ച സൗദി ബാലൻ അനസ് അൽ ശാഹിരിയുടെ കുടുംബം തയ്യാറായതോടെയാണ് പതിനെട്ട് വർഷത്തെ ജയിൽവാസത്തിനൊടുവിൽ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് വഴി തെളിഞ്ഞത്. ആവശ്യപ്പെട്ട 34 കോടി രൂപ ദിയാധനം നൽകിയതോടെ കുടുംബത്തിന്റെ സമ്മതപ്രകാരം ജുലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. തുടർന്ന് മൂന്ന്  തവണ മോചന ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള നടപടിക്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനും റഹീമിന്റെ അഭിഭാഷകനും അവരവരുടെ വാദങ്ങൾ വീണ്ടും കോടതിക്ക് മുന്നിൽ അവതരിപ്പിച്ചു. കേസിൽ 18 വർഷത്തെ ജയിൽശിക്ഷ റഹീം അനുഭവിച്ചു കഴിഞ്ഞെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു.  

ENGLISH SUMMARY:

No decision on Rahim's release; Riyadh court postpones hearing of case