സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം 18 വർഷത്തിനുശേഷം ഉമ്മയെ നേരിൽ കണ്ടു. അരമണിക്കൂറോളം സംസാരിച്ചു. മകനെ കാണാൻ ദിവസങ്ങൾക്ക് മുൻപ് ഉമ്മയും ബന്ധുക്കളും ജയിലിലെത്തിയിരുന്നെങ്കിലും റഹീം കാണാൻ നിൽക്കാതെ മടക്കി അയക്കുകയായിരുന്നു.
മക്കയിലെത്തി ഉംറ നിർവഹിച്ച് ശേഷമാണ് ഇക്കുറി ഫാത്തിമ മകനെ കാണാൻ റിയാദ് ജയിലെത്തിയത്. റഹീം കാണാൻ മനസ് കാണിക്കണേയെന്ന പ്രാർഥന ഫലം കണ്ടു. ആറ്റുനോറ്റിരുന്ന പതിനെട്ട് വർഷത്തിനൊടുവിൽ ഉമ്മയും മകനും പരസ്പരം കണ്ടു.
ഉമ്മക്കൊപ്പം റഹീമിന്റെ സഹോദരനും അമ്മാവനും ഉണ്ടായിരുന്നു. അരമണിക്കൂറോളം റഹീമിനൊപ്പം ഇരുന്ന് സംസാരിച്ചു. പിന്നീട് ഇന്ത്യൻ എംബസിയിലെത്തി റഹീമിന്റെ മോചനത്തിനായി പ്രവർത്തിക്കുന്നവരെ നേരിൽ കണ്ട് നന്ദി അറിയിച്ചു.
Also Read: 18 വര്‍ഷത്തെ കാത്തിരിപ്പ്, ഉമ്മയ്ക്ക് മുഖം കൊടുക്കാതെ റഹീം; ജയിലില്‍ പൊട്ടിക്കരഞ്ഞ് ഫാത്തിമ
അസീർ ഗവർണറുടെ സഹായത്തോടെ കഴിഞ്ഞ വ്യാഴാഴ്ച റിയാദ് ജയിലിൽ മകനെ കാണാൻ എത്തിയ ഫാത്തിമയെ കാണാൻ റഹീം കൂട്ടാക്കിയിരുന്നില്ല. ജയിലിലെ വേഷത്തിൽ ഉമ്മയുടെ മുന്നിലെത്താൻ മനസ് അനുവദിക്കാത്തതിനാലാണ് കാണാൻ വിസമ്മതിച്ചതെന്ന് പിന്നീട് റിയാദിലെ സുഹൃത്തിനോട് റഹിം പറഞ്ഞിരുന്നു.
ഉമ്മ എത്തിയ വിവരം അറിഞ്ഞ് രക്തസമ്മർദം കൂടി മരുന്ന് കഴിക്കേണ്ടിവന്നെന്നും റഹീം വ്യക്തമാക്കിയിരുന്നു. ഒപ്പം നിയമസഹായസമിതിയെ അറിയിക്കാതെ കുടുംബം എത്തിയതിലെ വിഷമമവും റഹീം അറിയിച്ചിരുന്നു. ഈ വരുന്ന പതിനേഴിനാണ് റഹീമിന്റെ കേസ് റിയാദ് കോടതി പരിഗണിക്കുന്നത്. അന്ന് മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.