രാജകുമാരി ഷെയ്ഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ മന അൽ മക്തൂമും തമ്മിലുള്ള വിവാഹം ദുബായ് ആഘോഷമാക്കിയത് ഇന്നും ആരും മറന്നുകാണില്ല. ആ ആഘോഷങ്ങള്‍ക്കു പിന്നാലെയിതാ അടുത്ത വിശേഷം കൂടി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇരുവരും അച്ഛനും അമ്മയും ആയതിന്റെ സന്തോഷമാണ് രാജകുമാരി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
‘എല്ലായ്പ്പോഴും ഓര്‍മയില്‍ സൂക്ഷിക്കുന്ന അനുഭവം’ എന്നാണ് പ്രസവത്തിനു തൊട്ടുപിന്നാലെ കുഞ്ഞു മഹ്റയെ നെഞ്ചോടുചേര്‍ത്തുള്ള ചിത്രത്തിനൊപ്പം രാജകുമാരി കുറിച്ചിരിക്കുന്നത്. ഡോക്ടര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നന്ദിയറിക്കാനും രാജകുമാരി മറന്നില്ല. ഭര്‍ത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ മന അൽ മക്തൂമിനെയും ചിത്രങ്ങളില്‍ കാണാം. മെയ് ഒന്നിനായിരുന്നു രാജകുമാരിയുടെ മകള്‍ ജനിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിനായിരുന്നു ഷെയ്ഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ മന അൽ മക്തൂമിന്റെയും വിവാഹം. അഞ്ചു മാസങ്ങള്‍ക്കു ശേഷം താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത രാജകുമാരി പങ്കുവച്ചു. ഫെബ്രുവരിയില്‍ ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയും നടത്തിയിരുന്നു.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളാണ് ഷെയ്ഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ അദ്ദേഹം ആഭ്യന്തര മന്ത്രി കൂടിയാണ്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 26 മക്കളില്‍ ഒരാളാണ് ഷെയ്ഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ഗ്രീക്കുകാരിയായ സുവോ ഗ്രിഗോറാക്കോസാണ് രാജകുമാരിയുടെ അമ്മ. ഇവരുമായുള്ള ദാമ്പത്യബന്ധം ഭരണാധികാരി ഉപേക്ഷിച്ചതാണ്. എന്നാല്‍ രാജകുമാരി ഇപ്പോഴും അമ്മയുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ്. തന്റെ അമ്മ കുഞ്ഞിനെ കയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രവും രാജകുമാരി പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിനു താഴെ രാജകുമാരിക്കും ഭര്‍ത്താവിനും അഭിനന്ദനപ്രവാഹമാണ്.
Dubai princess shares her moments from labour room.