ദുബായ് മോളിൽ മണിക്കൂറുകളോളമുള്ള ഷോപ്പിങ്ങിന് ഇനി ചെലവേറും. പാർക്കിങ്ങിന് പണം ഈടാക്കാനാണ് പുതിയ തീരുമാനം. വൈകാതെ ഇത് നടപ്പാക്കും. എമിറേറ്റിലെ റോഡ് ടോൾ സംവിധാനമായ സാലിക്ക് ആണ് പണം ഈടാക്കുക. ഇതിനായി എമാർ മോളുമായി സഹകരിച്ച് ടോൾ പിരിക്കുന്ന അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാർക്കിങ് ഫീസ് ഈടാക്കാനാണ് തീരുമാനം.
ഉപഭോക്താക്കൾക്ക് സുഗമവും തടസ്സമില്ലാത്തതുമായ പാർക്കിങ് അനുഭവം സാധ്യമാക്കാൻ സാലിക്ക് സാങ്കേതികവിദ്യ വിന്യസിക്കുമെന്ന് സാലിക്ക് സിഇഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് അറിയിച്ചു. പാർക്കിങ് ഏരിയയിലേക്ക് കടയ്ക്കാൻ ബാരിയറോ ഗേറ്റോ ഉണ്ടായിരിക്കില്ലെന്നും ഇബ്രാഹിം വ്യക്തമാക്കി. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ടിക്കറ്റില്ലാത്ത പാർക്കിങ്ങ് സംവിധാനത്തിന്റെ പ്രവർത്തനം. ഉപഭോക്താക്കളുടെ സാലിക്ക് അക്കൗണ്ടിൽ നിന്ന് ഫീസ് ഈടാക്കും. എന്നാൽ തുകയുടെ കാര്യത്തിൽ എമാർ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അടുത്ത വർഷം മൂന്നാംപാദം മുതൽ പുതിയ സംവിധാനം നിലവിൽ വരും.