TAGS

 

250 കോടി ദിർഹത്തിന്റെ ഗതാഗത കർമ പദ്ധതിക്ക് അംഗീകാരം നൽകി ദുബായ് ആർടിഎ. എയർ ടാക്സികളെയും വാണിജ്യസമുച്ചയത്തെയും സ്കൈ ഗാർഡൻ ബ്രിഡ്ജിനെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. പ്രധാന നിക്ഷേപ പദ്ധതിക്ക് കീഴിൽ പത്ത് അടിസ്ഥാനസൗകര്യവികസന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക. 

 

കരീം ബൈക്ക് ഷെയർ എന്ന പേരിൽ സംയോജിത സൈക്കിൾ ശൃംഖലയും ബഹുനില പാർക്കിങ് സംവിധാനവുമെല്ലാം ഇതിന്റെ ഭാഗമാണ്. എമിറേറ്റിന്റെ സുസ്ഥിരതാ ലക്ഷ്യങ്ങളുടെ ഭാഗമാണ് സൈക്കിൾ പദ്ധതിയെന്നും ആരോഗ്യകര ജീവിതരീതി പ്രോൽസാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആർടിഎ ഡയറക്ടർ ജനറൽ അറിയിച്ചു. 

 

യൂണിയൻ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് വാണിജ്യപാർപ്പിച്ച സമുച്ചയം നിർമിക്കുന്നത്. യൂണിയൻ 71 പദ്ധതിയെന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.  

പോർട് സയീദിലും അൽ കരാമയിലും ബഹുനില പാർക്കിങ് ടെർമിനൽ നിർമിക്കും.

 

 എയർ ടാക്സി, ദൈര പ്ലാസ, സ്മാർട് സ്ട്രീറ്റ് ലൈറ്റ്,  അൽ ഖവനീജ്, അൽ റുവയ്യ, അൽ അവി‍, ജബൽ അലി എന്നിവിടങ്ങളിൽ ഡ്രൈവർമാർക്കായ് ഹൗസിങ് ക്വാട്ടേഴ്സ്, ദുബായ് ക്രീക്കിൽ സ്കൈ ഗാർഡൻ ബ്രിഡ്ജ് എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടും.  അടുത്ത വർഷം മുതൽ ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് എയർ ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ പറന്നുതുടങ്ങും.  2026ൽ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം.  

 

380 മീറ്റർ നീളത്തിൽ 60 അടി ഉയരത്തിലാണ് സ്കൈ ഗാർഡൻ ബ്രിഡ്ജ് നിർമിക്കുന്നത്. 2019ൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കാൻ പോകുന്നത്. സൈക്കിൾ ട്രാക്കും റണ്ണിങ് ലെയ്നുകളും ഉണ്ടാകും. ഒപ്പം കടകളും തണലിടങ്ങളും. 35000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ദൈര പ്ലാസ പണി കഴിപ്പിക്കുന്നത്. പൊതുപരിപാടികൾ സംഘടിപ്പിക്കാനുള്ള ഇടവും ഇവിടെയുണ്ടാകും.