ആഗോള കാലാവസ്ഥ ഉച്ചക്കോടിക്ക് ഇന്ന് ദുബായിൽ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ലോകനേതാക്കൾ നാളെ ദുബായിലെത്തും. ഉച്ചകോടിയോട് അനുബന്ധിച്ച് നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും തോത് കുറയ്ക്കാൻ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ലോകനേതാക്കൾ ദുബായിൽ ഒത്തുചേരും. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയുടെ പ്രധാന അജൻഡ. തീവ്ര കാലാവസ്ഥാമാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ലോകത്തെ സഹായിക്കുന്നതിനൊപ്പം, കാർബൺ പുറന്തള്ളലിന്റെ വിലനിർണയവും ആഗോളതാപനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പുതിയ ഫണ്ട് ഉണ്ടാക്കുകയും ഉച്ചകോടിയുടെ ലക്ഷ്യങ്ങളാണ്. ബ്രിട്ടനിലെ ചാൾസ് രാജാവും പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കൾ ആദ്യ ദിവസം തന്നെ ഉച്ചകോടിക്ക് എത്തും. വെള്ളി, ശനി ദിവസങ്ങളിലാണ് ലോക നേതാക്കൾ പങ്കെടുക്കുന്ന ആദ്യ സെഷൻ. രണ്ടാമത്തെ സെഷൻ ഡിസംബർ 9,10 ദിവസങ്ങളിൽ നടക്കും. ബ്ലൂ, ഗ്രീൻ സോണുകളാക്കി തിരിച്ചാണ് സമ്മേളനങ്ങളും ചർച്ചകളും പ്രദർശനങ്ങളും നടക്കുക. ഗ്രീൻ സോണിലേക്ക് മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ഞായറാഴ്ച മുതൽ പ്രവേശനം അനുവദിക്കും. നൂറിലധികം പരിപാടികൾ സൗജന്യമായി ആസ്വദിക്കാം. ഉച്ചകോടിയുടെ ഭാഗമായി വെളളി മുതൽ ഞായർവരെ രാവിലെ ഷൈഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. വേൾഡ് ട്രേഡ് സെന്റർ മുതൽ എക്സ്പോസിറ്റി ഇന്റർസെഷൻ വരെ രാവിലെ 7 മുതൽ നാല് മണിക്കൂർ ഗതാഗതം അനുവദിക്കില്ല.