AKCAF

കേരളത്തിലെ കോളജ് അലുംനികളുടെ യുഎഇയിലെ സംഘടനയായ അക്കാഫ് (ഓൾ കേരള  കോളജസ് അലുംനി ഫോറം) ഇവന്‍സിന്‍റെ ഓണാഘോഷം ഒക്ടോബര്‍ എട്ടിന്  ഞായറാഴ്ച ദുബായിൽ നടക്കും. ആവണിപ്പൊന്നോണം എന്ന പേരിൽ ഷാർജ എക്സ്പോ സെന്ററിൽ രാവിലെ 9 മുതലാണ് പരിപാടി. സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ, നടി ഹണി റോസ് തുടങ്ങിയവർ പങ്കെടുക്കും.

 

യുഎഇയിലെ ഏഴു എമിറേറ്റുകളുടെയും ഭരണാധികാരികളുടെ മുഖം പൂക്കളാൽ ആലേഖനം ചെയ്യും. ശോഭ ലിമിറ്റഡിന്റെ സ്ഥാപകൻ പി.എൻ.സി. മേനോന്റെ ഭാര്യ ശോഭാ മേനോൻ, കെഫ് ഹോൾഡിങ്‌സ് സ്ഥാപകൻ ഫൈസൽ കോട്ടിക്കുളത്തിന്റെ ഭാര്യ ഷബാന ഫൈസൽ എന്നിവരെ ആദരിക്കും. ഭർത്താക്കന്മാരുടെ ബിസിനസ് വിജയത്തിന് കരുത്തും പ്രചോദനവും നൽകുന്നതിനാണ് ആദരം.

 

സാംസ്കാരിക സമ്മേളനത്തിൽ മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. 100 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന  വിശിഷ്ടാതിഥികളുടെ സാന്നിധ്യം  ആഘോഷത്തെ ഗ്ലോബൽ ആഘോഷമാക്കി മാറ്റും. കോളജ് അലുംനികൾ അവതരിപ്പിക്കുന്ന ഘോഷയാത്ര ഏറെ പുതുമകൾ നിറഞ്ഞതായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. ആറായിരം പേർക്ക് ഓണസദ്യ വിളമ്പും.  

 

മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ തൃക്കായ ബാൻഡ് കേരളത്തിന് വെളിയിൽ ആദ്യാവതരണം നടത്തും. അനൂപ് ശങ്കറും മൃദുല വാരിയറും ചേർന്നവതരിപ്പിക്കുന്ന ഗാനസന്ധ്യയും കലാമണ്ഡലം മണികണ്ഠന്റെ നടൻ പാട്ടും ഹാസ്യ വിരുന്നുമാണ് മറ്റ് പരിപാടികൾ. പാസ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.  കഴിഞ്ഞ 28 വർഷമായി പ്രവാസികളുടെ ഉന്നമനത്തിനും നന്മയ്ക്കും പ്രാമുഖ്യം നൽക്കുന്ന കൂട്ടായ്മ എന്ന നിലയിൽ അക്കാഫ് ശ്രദ്ധേയമാണെന്ന് പ്രസിഡന്റ്‌ ചാൾസ് പോൾ പറഞ്ഞു. 

 

മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ അക്കാഫിന്റെ പേരിലുണ്ട്. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്‌. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ആവണിപ്പൊന്നോണം ടൈറ്റിൽ സ്പോൺസർ ടെൻ എക്സ് പ്രോപ്പർട്ടി സിഇഒ സുകേഷ് ഗോവിന്ദൻ, വൈസ് ചെയർമാൻ ബക്കർ അലി, വൈസ് പ്രസിഡന്റ്‌ അഡ്വ ഹാഷിക് തൈക്കണ്ടി, മീഡിയ കോ ഓർഡിനേറ്റർ സിന്ധു ജയറാം, വനിതാ വിഭാഗം ചെയർപേഴ്സൺ റാണി സുധീർ, കൾച്ചറൽ പ്രോഗ്രാം കോ ഓർഡിനേറ്റർ വി.സി.മനോജ്‌, ജോയിന്റ് ജനറൽ കൺവീനർമാരായ സജി എസ്‌. പിള്ള, വിദ്യാ പുതുശ്ശേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

AKCAF onam celebration 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ...