വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ആദ്യത്തെ മുസ്ലിം പള്ളി നിർമിക്കാനൊരുങ്ങി ദുബായ്. എമിറേറ്റിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റാണ് ദുബായ് വാട്ടർ കനാലിൽ ആരാധനാലയം നിർമിക്കുന്നത്. എന്നാൽ പള്ളി നിർമിക്കുന്ന യഥാർഥ സ്ഥലം വ്യക്തമാക്കിയിട്ടില്ല.  2,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പള്ളിയുടെ നിർമാണം ഒക്ടോബറിൽ ആരംഭിക്കും.  അടുത്ത വർഷം പള്ളി തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

വെള്ളത്തിനടയിലും മുകളിലുമായി മൂന്ന് നിലകളിലായാണ് പള്ളി നിർമിക്കുന്നത്. വെള്ളത്തിനടിയിലുള്ള ഡെക്ക് പ്രാർഥനാ സ്ഥലമായി ഉപയോഗിക്കും.  75 പേർക്ക് വരെ ഒരേ സമയം പ്രാർഥിക്കാൻ സൗകര്യമുണ്ടായിരിക്കും. വെള്ളത്തിന് മുകളിലെ നിലകളിൽ സിറ്റൗട്ടും  കോഫി ഷോപ്പും ഉൾപ്പെടെ ഉണ്ടാകും.  അഞ്ചരകോടി ദിർഹം ചെലവിലാണ് നിർമാണം.

ദുബായിലെ മതപരമായ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒട്ടേറെ പദ്ധതികളിൽ ഒന്നാണ് പള്ളിയെന്ന് ഐഎസിഎഡിയിലെ സാംസ്കാരിക ആശയവിനിമയ ഉപദേഷ്ടാവ് അഹമ്മദ് ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ഫ്ലോട്ടിങ് പള്ളി എമിറേറ്റിലെ ഒരു പ്രധാന ആകർഷണമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതിമതഭേദമന്യേ എല്ലാവർക്കും പള്ളി സന്ദർശിക്കാൻ അവസരമുണ്ടായിരിക്കും. ഇസ്ലാം വിശ്വാസങ്ങൾക്ക് അനുസൃതമായി വസ്ത്രം ധരിക്കണമെന്ന് മാത്രം.

World first floating mosque at Dubai; Construction starts soon